ജാമ്യം അനുവദിക്കുന്നതിന് അഞ്ച് ലക്ഷം ആവശ്യപ്പെട്ടു; ജില്ലാ സെഷൻസ് ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

വഞ്ചനാ കേസിൽ ജാമ്യം അനുവദിക്കുന്നതിന് 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു

മുംബൈ: വഞ്ചനാ കേസിൽ ജാമ്യം അനുവദിക്കുന്നതിന് 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ പ്രതിയായ സത്താറ ജില്ലാ സെഷൻസ് ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തിങ്കളാഴ്ച തള്ളി. കുറ്റാരോപിതനായ ജഡ്ജി ധനഞ്ജയ് നികത്തിന് ഇളവ് നൽകാൻ ജസ്റ്റിസ് എൻ ആർ ബോർക്കർ അധ്യക്ഷനായ സിംഗിൾ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു., അഴിമതി വിരുദ്ധ ബ്യൂറോയുടെ (എ.സി.ബി) വാദങ്ങൾ കൂടി പരിശോധിച്ച ശേഷമായിരുന്നു ജാമ്യം നിഷേധിച്ചത്. മുംബൈയിൽ നിന്നുള്ള ഇടനിലക്കാരായ കിഷോർ സംഭാജി ഖരാട്ടും സത്താറയിൽ നിന്നുള്ള ആനന്ദ് മോഹൻ ഖരാട്ടും വഴി ധനഞ്ജയ് കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് കേസ്. കേസിൽ ധനജ്‍ഞയുടെ പങ്ക് തെളിഞ്ഞിട്ടുണ്ട്.

എന്നാൽ മുൻകൂർ ജാമ്യം പരി​ഗണിക്കവേ തനിക്കെതിരെയുളള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ധനജ്ഞയ്പറഞ്ഞു. കൈക്കൂലി ആവശ്യപ്പെടുന്നതിനോ പണം സ്വീകരിക്കുന്നതിനോ തനിക്കെതിരെ നേരിട്ടുള്ള തെളിവുകളൊന്നുമില്ലെന്ന് അദ്ദേഹം വാദിച്ചു. കൈക്കൂലി ചർച്ച നടന്ന സമയത്ത് താൻ അവധിയിലോ ഡെപ്യൂട്ടേഷനിലോ ആയിരുന്നുവെന്നും കേസിൽ തനിക്ക് പങ്കില്ലെന്നും അദ്ദേഹം വാദിച്ചു. ജാമ്യ ഉത്തരവുകൾ പുറപ്പെടുവിക്കുകയോ അനുകൂലമായ വിധി ഉറപ്പുനൽകുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.

പരാതിക്കാരനും ഇടനിലക്കാരും തമ്മിലുള്ള ഏതെങ്കിലും കൂടിക്കാഴ്ചകളെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ധനഞ്ജയ് അവകാശപ്പെട്ടു. നേരത്തെ നടന്ന വാദത്തിനിടെ 2024 ഡിസംബർ 9 മുതലുള്ള സിസിടിവി ദൃശ്യങ്ങൾ നൽകാൻ സത്താറയിലെ എച്ച്ഡിഎഫ്‌സി ബാങ്ക് ശാഖയോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ധനജ്ഞയും പരാതിക്കാരനും ബാങ്കിലേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെ നടത്തിയ സംഭാഷണങ്ങൾ സംബന്ധിച്ച ആരോപണങ്ങളെ ഈ ദൃശ്യങ്ങൾ പിന്തുണയ്ക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. വാദങ്ങളും തെളിവുകളും പരിശോധിച്ച ശേഷമായിരുന്നു ധനജ്ഞയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്.

Content Highlights :High Court rejects sessions judge's anticipatory bail plea

To advertise here,contact us