ലണ്ടനിൽ നിന്നെത്തിയ മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനെ ആൺസുഹൃത്തിനൊപ്പം ചേർന്ന് കൊലപ്പെടുത്തി ഭാര്യ

മകളുടെയും ഭാര്യയുടെയും ജന്മദിനം ആഘോഷിക്കാൻ ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതായിരുന്നു ഇയാൾ

ന്യൂഡൽഹി: മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും പുരുഷ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി സിമന്റ്‌ നിറച്ച ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ചു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. സൗരഭ് രജ്പുത് (29) എന്നയാളാണ് കൊല്ലപ്പെട്ടത്. മകളുടെയും ഭാര്യയുടെയും ജന്മദിനം ആഘോഷിക്കാൻ ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതായിരുന്നു സൗരഭ്.

മൃതദേഹം കഷ്ണങ്ങളാക്കിയ ശേഷം സിമന്റ്‌ ഡ്രമ്മിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. പ്രതികളായ ഭാര്യ മുസ്‌കൻ റസ്‌തോഗി (26), സാഹിൽ ശുക്ല (28) എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. അന്വേഷണത്തിൽ, മൃതദേഹം ഒന്നിലധികം കഷണങ്ങളായി മുറിച്ച് ഡ്രമ്മിനുള്ളിൽ അടച്ച നിലയിൽ കണ്ടെത്തി.

2016-ലാണ് മുസ്കനും സൗരഭും കുടുംബങ്ങളുടെ എതിർപ്പ് അവഗണിച്ച് വിവാഹിതരായത്. ദമ്പതികൾക്ക് ആറ് വയസ്സുള്ള ഒരു മകളുണ്ട്. അതേസമയം, സൗരഭ് ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാൻ മുസ്കൻ സൗരഭിൻ്റെ ഫോണിൽ നിന്ന് കുടുംബാംഗങ്ങൾക്ക് സന്ദേശം അയച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. പ്രതികൾക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി. ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

Content Highlights: Merchant navy officer died after London return

To advertise here,contact us