സിപിഐഎം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം; പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും

ഉദ്ഘാടന സമ്മേളനത്തിൽ ഡി രാജ ഉൾപ്പെടെ വിവിധ ഇടതുപാർട്ടി പ്രതിനിധികൾ പങ്കെടുക്കും

മധുര: സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിന്‌ ഇന്ന് തുടക്കമാകും. രാവിലെ എട്ട് മണിക്ക് സമ്മേളന നഗറിൽ ദീപശിഖ തെളിയിക്കും. 10.30-ന്‌ സീതാറാം യെച്ചൂരി നഗറിലെ കോടിയേരി ബാലകൃഷ്ണൻ സ്‌മാരക ഹാളിൽ പോളിറ്റ് ബ്യൂറോ കോ–ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യും. മണിക്‌ സർക്കാർ അധ്യക്ഷനാകും. ഉദ്ഘാടന സമ്മേളനത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉൾപ്പെടെ വിവിധ ഇടതുപാർട്ടി പ്രതിനിധികൾ പങ്കെടുക്കും. എൺപത് നിരീക്ഷകരടക്കം എണ്ണൂറിലധികം പ്രതിനിധികളും പാർട്ടി കോൺഗ്രസിൻ്റെ ഭാഗമാകും. ഈ മാസം ആറ് വരെയാണ് പാർട്ടി കോൺഗ്രസ്. കേരളത്തിലെ അധികാരം നിലനിർത്തുന്നതിനൊപ്പം ദേശീയ പാർട്ടി സംഘടനാപരമായി കൂടുതൽ ശക്തിപ്പെടുന്നതിനുള്ള സുപ്രധാന തീരുമാനങ്ങളാകും പാർട്ടി കോൺഗ്രസിൽ ഉണ്ടാവുക.

അതേസമയം, പാർട്ടിയെ നയിക്കാൻ ഇനിയാര് എന്നതാണ് പ്രധാന ചർച്ചയാകുന്നത്. സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് വ്യക്തമാക്കിയിരുന്നു. മൂന്ന് ടേം പൂർത്തിയായതിനാൽ മാറി നിൽക്കുമെന്ന് പ്രകാശ് കാരാട്ട് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

നിലവിലെ സാഹചര്യത്തിൽ അഖിലേന്ത്യാ കിസാൻ സഭയുടെ അധ്യക്ഷൻ അശോക് ധാവ്ളെയുടെ പേരിനാ‌ണ് ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മുൻതൂക്കം. മഹാരാഷ്ട്ര പോലെ സിപിഐഎമ്മിന് അത്രയേറെ ശക്തിയില്ലാത്ത ഒരു ഘടകത്തിൽ നിന്നുള്ള നേതാവ് എന്നത് മാത്രമാണ് അശോക് ധാവ്ളെയ്ക്ക് എതിരായ ഘടകം. എന്നാൽ കർഷക സമരവുമായി ബന്ധപ്പെട്ട് ഹിന്ദി ബെൽറ്റിൽ മികച്ച ഇടപെടലുകൾ നടത്തിയതും സംഘാടന മികവും അശോക് ധാവ്ളെയ്ക്ക് അനുകൂലമാണ്. എം എ ബേബിയെയും സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരി​ഗണിക്കുന്നുണ്ട്. കേരള ഘടകം ബേബിയ്ക്ക് വേണ്ടി വാദിച്ചാൽ ഇഎംഎസിന് ശേഷം സിപിഐഎമ്മിന് മറ്റൊരു മലയാളി ജനറൽ സെക്രട്ടറിയുണ്ടാവും. നിലവിൽ സിപിഐഎമ്മിൻ്റെ അന്താരാഷ്ട്ര വിഭാഗത്തിൻ്റെ പ്രധാന ചുമതലക്കാരൻ കൂടിയാണ് എം എ ബേബി.

പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, മണിക് സർക്കാർ, സുര്യകാന്ത് മിശ്ര, പിണറായി വിജയൻ എന്നീ പോളിറ്റ്ബ്യൂറോ അം​ഗങ്ങൾക്ക് പ്രായപരിധി മാനദണ്ഡം ബാധകമാണ്. ഇതിൽ രാജ്യത്തെ ഏക സിപിഐഎം മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് പ്രായപരിധി മാനദണ്ഡത്തിൽ ഇളവ് ലഭിച്ചേക്കുമെന്ന് സൂചനകളുണ്ട്. എന്നാൽ പ്രായപരിധി മാനദണ്ഡം കർശനമായി പാലിക്കണമെന്ന വാദവും ശക്തമാണ്. അങ്ങനെയെങ്കിൽ പിണറായി വിജയനെ പൊളിറ്റ്ബ്യൂറോയിലെ പ്രത്യേക ക്ഷണിതാവാക്കിയേക്കുമെന്നും സൂചനയുണ്ട്. നേരത്തെ ജ്യോതിബസുവിനെ ഇത്തരത്തിൽ സിപിഐഎം പൊളിറ്റ്ബ്യൂറോയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തിയിരുന്നു.

പൊളിറ്റ്ബ്യൂറോയിൽ ഉണ്ടാകുന്ന അഞ്ചോളം ഒഴിവിലേയ്ക്ക് അഖിലേന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ, അന്താരാഷ്ട്ര വിഭാഗത്തിൻ്റെ ഡെപ്യൂട്ടി ചുമതല നിർവ്വഹിക്കുന്ന മുൻ എസ്എഫ്ഐ നേതാവ് അരുൺ കുമാർ എന്നിവരെ പരിഗണിച്ചേക്കും. ബൃന്ദാ കാരാട്ടും സുഭാഷിണി അലിയും ഒഴിയുന്നതോടെ പൊളിറ്റ്ബ്യൂറോയിൽ ആകെയുള്ള രണ്ട് വനിതാ പ്രാതിനിധ്യവും നികത്തേണ്ടതുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള നേതാവ് യു വാസുകി പൊളിറ്റ്ബ്യൂറോയിൽ ഉറപ്പായും എത്താൻ സാധ്യതയുള്ള നേതാവാണ്. കെ ഹേമലത, മറിയം ധാവ്ളെ, കെ കെ ശൈലജ എന്നിവരും വനിതാ പ്രാതിനിധ്യത്തിൻ്റെ ഭാ​ഗമായി പരി​ഗണിക്കപ്പെട്ടേക്കാം. സുര്യകാന്ത് മിശ്ര ഒഴിവാകുന്ന സാഹചര്യത്തിൽ ബംഗാളിൽ നിന്നും സുജൻ ചക്രബർത്തി പോളിറ്റ്ബ്യൂറോയിൽ ഇടം നേടിയേക്കാം. പി രാജീവിൻ്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്.

പ്രായപരിധി കഴിഞ്ഞെങ്കിലും മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ പ്രസിഡൻ്റ് എന്ന നിലയിൽ പി കെ ശ്രീമതിയ്ക്ക് കേന്ദ്ര കമ്മിറ്റിയിൽ തുടരാൻ ഇളവ് അനുവദിക്കുമെന്ന് സൂചനകളുണ്ട്. സംസ്ഥാന കമ്മിറ്റിയിൽ നിന്നും പ്രായപരിധി മാനദണ്ഡം പരി​ഗണിച്ച് ഒഴിവാക്കിയ പി കെ ശ്രീമതിയെ കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തണമെന്ന നിലയിലുള്ള ആലോചനകൾക്ക് നേതൃത്വം അം​ഗീകാരം നൽകുമോ എന്നാണ് അറിയേണ്ട്. എ കെ ബാലൻ, പിണറായി വിജയൻ, പി കെ ശ്രീമതി എന്നിവരാണ് പ്രായപരിധി മാനദണ്ഡപ്രകാരം ഒഴിവാകേണ്ട കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അം​ഗങ്ങൾ. കോടിയേരി ബാലകൃഷ്ണൻ്റെ ഒഴിവും നികത്തേണ്ടതുണ്ട്. കേരളത്തിൽ നിന്നും ടി പി രാമകൃഷ്ണൻ, എം ബി രാജേഷ്, മുഹമ്മദ് റിയാസ്, മേഴ്സിക്കുട്ടിയമ്മ, ടി എൻ സീമ തുടങ്ങിയവരെയും കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് പരി​ഗണിക്കപ്പെടുന്നുണ്ട്.

Content Highlights: CPIM 24th Party Congress begins today

To advertise here,contact us