പ്രയാഗ്രാജ്: കണക്കിൽപ്പെടാത്ത പണം വീട്ടിൽ സൂക്ഷിച്ച സംഭവത്തിൽ അന്വേഷണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മ അലഹാബാദ് ഹൈക്കോടതിയിൽ ചുമതലയേറ്റു. ഔദ്യോഗിക വസതിയില് കണക്കില്പ്പെടാത്ത പണം കണ്ടെത്തിയതിന് പിന്നാലെ ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഡല്ഹി ഹൈക്കോടതിയിൽ നിന്ന് അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. നടപടിയിൽ വിമർശനവുമായി വിവിധ ബാർ അസോസിയേഷനുകൾ രംഗത്തെത്തിയിരുന്നു. മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹാബാദ് ഹൈക്കോടതി എന്നാണ് സ്ഥലം മാറ്റത്തിൽ അലഹാബാദ് ബാർ അസോസിയേഷൻ പ്രതികരിച്ചത്.
ജസ്റ്റിസ് യശ്വന്ത് വര്മ്മയുടെ ഔദ്യോഗിക വസതിയില് തീപിടിച്ചിരുന്നു. തീ അണയ്ക്കാന് എത്തിയ ഫയര്ഫോഴ്സ് അംഗങ്ങളാണ് വീട്ടില് കണക്കില്പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. തുടര്ന്ന് സര്ക്കാര് ഇക്കാര്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിക്കുകയായിരുന്നു.
ഫുള് കോര്ട്ട് യോഗത്തില് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിഷയം ധരിപ്പിച്ചു. ജസ്റ്റിസ് യശ്വന്ത് വര്മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനുള്ള കൊളീജിയം തീരുമാനവും ചീഫ് ജസ്റ്റിസ് യോഗത്തെ അറിയിച്ചു. ഇതിനിടെ യശ്വന്ത് വര്മയ്ക്കെതിരെ കടുത്ത നടപടി വേണമെന്ന് ചില ജഡ്ജിമാര് ആവശ്യപ്പെട്ടു. ഇതേ തുടര്ന്നാണ് ആഭ്യന്തര അന്വേഷണത്തിന് ഫുള് കോര്ട്ട് യോഗം തീരുമാനമെടുത്തത്. ആഭ്യന്തര അന്വേഷണത്തിന് സുപ്രീം കോടതിയിലെ ഒരു ജഡ്ജി നേതൃത്വം നല്കും. രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ആഭ്യന്തര അന്വേഷണ സമിതിയില് അംഗമായിരിക്കും.
Content Highlights- 'Not a dustbin to throw garbage'; Justice Yashwant Verma takes charge in Allahabad High Court, criticism