വിവാഹത്തിന് മാസങ്ങൾ ബാക്കി; റോളർ കോസ്റ്റർ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

സംഭവസമയത്ത് പ്രിയങ്കയ്‌ക്കൊപ്പം പ്രതിശ്രുത വരൻ നിഖിലുമുണ്ടായിരുന്നു

ന്യൂഡൽഹി: ഡൽഹിയിലെ പ്രമുഖ അമ്യൂസ്‌മെന്റ് പാർക്കിലുണ്ടായ റോളർ കോസ്റ്റർ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. 24-കാരിയും ഡൽഹി സ്വദേശിനിയുമായ പ്രിയങ്കയാണ് മരിച്ചത്. തെക്കുകിഴക്കൻ ഡൽഹിയിലെ ഫൺ ആൻഡ് ഫുഡ് വാട്ടർപാർക്ക് സന്ദർശിക്കുന്നതിനിടെയായിരുന്നു അപകടം.

സംഭവസമയത്ത് പ്രിയങ്കയ്‌ക്കൊപ്പം പ്രതിശ്രുത വരൻ നിഖിലുമുണ്ടായിരുന്നു. വൈകുന്നേരം ആറുമണിയോടെയാണ് ഇരുവരും റോളർ കോസ്റ്ററിൽ കയറിയത്. ഏറ്റവും ഉയരത്തിലെത്തിയപ്പോൾ പ്രിയങ്കയെ താങ്ങിയിരുന്ന സ്റ്റാൻഡ് തകരുകയും നിലത്തേക്ക് പതിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

2023 ജനുവരിയിലായിരുന്നു പ്രിയങ്കയും നിഖിലും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. 2026 ഫെബ്രുവരിയിലാണ് വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. നോയിഡയിലെ ഒരു സ്വകാര്യ ടെലികോം കമ്പനിയിൽ സെയിൽസ് മാനേജറായി ജോലി നോക്കുകയായിരുന്നു പ്രിയങ്ക. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. ഭാരതീയ ന്യായ സംഹിതയിലെ 106-ാം വകുപ്പ് പ്രകാരം മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights: Delhi Woman Dies In Horror Roller Coaster Accident

To advertise here,contact us