'ആറ് മാസത്തിനുള്ളിൽ തിരികെ തരാം'; 2.45 ലക്ഷം രൂപ മോഷ്ടിച്ച കള്ളന്റെ കത്ത് വൈറൽ

രാമനവമി ദിനത്തിൽ ചെയ്ത പ്രവൃത്തിക്ക് മാപ്പ് ചോദിക്കുന്നതാണ് കത്ത്

ഭോപ്പാൽ: മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിൽ നടന്ന ഒരു മോഷണ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു കടയിൽ നിന്ന് 2.45 ലക്ഷം രൂപ മോഷ്ടിച്ച ശേഷം കള്ളൻ മുങ്ങിയത് ക്ഷമ ചോദിച്ച് കത്തെഴുതി വെച്ചശേഷമായിരുന്നു. രാമനവമി ദിനത്തിൽ ചെയ്ത പ്രവൃത്തിക്ക് മാപ്പ് ചോദിക്കുന്നതാണ് കത്ത്. കടബാധ്യത, പണം തിരികെക്കൊടുക്കാനുള്ള ആളുകളുടെ നിരന്തരമായ വേട്ടയാടൽ തുടങ്ങിയ കാരണങ്ങളാലാണ് പണമെടുക്കുന്നതെന്നും കത്തിൽ പറയുന്നു. ആറ് മാസത്തിനുള്ളിൽ തുക തിരികെ നൽകാമെന്ന വാഗ്ദാനവുമുണ്ട്.

കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ജാമിദാർ മൊഹല്ലയിലെ ജുജാർ അലി ബൊഹ്‌റയുടെ കടയിലാണ് മോഷണം നടന്നതെന്ന് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അർഷാദ് ഖാൻ പറഞ്ഞു."കടയുടമ 2.84 ലക്ഷം രൂപ ഒരു ബാഗിൽ സൂക്ഷിച്ചിരുന്നതായും അതിൽ നിന്ന് ഏകദേശം 2.45 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടതായും 38,000 രൂപ ബാക്കിയുണ്ടെന്നും കടയുടമ ഞങ്ങളോട് പറഞ്ഞു. രാമനവമി ദിനത്തിൽ താൻ ചെയ്ത പ്രവൃത്തിക്ക് കുറ്റവാളി മാപ്പ് ചോദിച്ചതായി കത്തിൽ പറയുന്നു," അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പറഞ്ഞു.

Content Highlights: Man steals Rs 2.45 lakh from MP shop and leaves behind apology note

To advertise here,contact us