വഖഫ് നിയമത്തിനെതിരെ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധം; 2 ലക്ഷം രൂപ ബോണ്ട് കെട്ടി വെക്കാൻ നോട്ടീസ്

കഴിഞ്ഞ ദിവസം 24 പേര്‍ക്കോളം പൊലീസ് നോട്ടിസ് അയച്ചിരുന്നു

ന്യൂഡൽഹി: വഖഫ് നിയമത്തിനെതിരെ കറുത്ത ബാഡ്ജ് അണിഞ്ഞ് പ്രതിഷേധിച്ചവർക്കെതിരെ കടുത്ത നടപടിയുമായി പൊലീസ്. യുപി മുസഫര്‍നഗറില്‍ കറുത്ത ബാഡ്ജ് അണിഞ്ഞ് പ്രതിഷേധിച്ച 300 പേര്‍ക്കാണ് പൊലീസ് നോട്ടിസ് അയച്ചത്.

കഴിഞ്ഞ ദിവസം 24 പേര്‍ക്കോളം പൊലീസ് നോട്ടിസ് അയച്ചിരുന്നു. ഓരോരുത്തരും രണ്ട് ലക്ഷം രൂപ വീതം ബോണ്ട് കെട്ടിവയ്ക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ഇതുകൂടാതെ ഈ മാസം 16 ന് ഹാജരാകാനും നിർദേശം നൽകിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ദിവസങ്ങളിലായിരുന്നു വഖഫ് ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു നടപടി. ലോക്‌സഭയിലും രാജ്യസഭയിലും ബില്ലിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ ആഞ്ഞടിച്ചു. ലോക്‌സഭയില്‍ കെ രാധാകൃഷ്ണന്‍, കെ സി വേണുഗോപാല്‍, എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗൊഗോയി, മുഹമ്മദ് ജാവേദ്, അസദുദ്ദീന്‍ ഒവൈസി, കെ രാധാകൃഷ്ണന്‍, ഇ ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ളവര്‍ ഭേദഗതികള്‍ നിര്‍ദേശിച്ചു. ഇതിന് പിന്നാലെ വോട്ടെടുപ്പ് നടന്നു. 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ ഉന്നയിച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളുകയും ബില്‍ ലോക്‌സഭയില്‍ പാസാക്കുകയുമായിരുന്നു.

രാജ്യസഭയിലും സമാന സാഹചര്യങ്ങള്‍ ആവര്‍ത്തിച്ചു. ബില്ലിലെ വ്യവസ്ഥകളില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എഎ റഹീം, വി ശിവദാസന്‍, ഹാരിസ് ബീരാന്‍, അബ്ദുള്‍ വഹാബ്, പി സന്തോഷ് കുമാര്‍, പി പി സുനീര്‍ എന്നിവര്‍ ഭേദഗതികള്‍ നിര്‍ദേശിച്ചു. പിന്നാലെ നടന്ന വോട്ടെടുപ്പിൽ 128 പേര്‍ ബില്ലിനെ അനുകൂലിച്ചും 95 പേര്‍ ബില്ലിനെ എതിര്‍ത്തും വോട്ടു ചെയ്തു. പ്രതിപക്ഷ എംപിമാര്‍ മുന്നോട്ടുവെച്ച ഭേദഗതികള്‍ ശബ്ദവോട്ടെടെ തള്ളി. ഇതോടെ ബില്‍ രാജ്യസഭയും കടക്കുകയായിരുന്നു.

Content Highlights- Protesters wearing black badges against Waqf Act, notice to post bond of Rs 2 lakh

To advertise here,contact us