യുപിയില്‍ മൂന്ന് കുട്ടികളുടെ അമ്മയായ മുപ്പതുകാരി മതംമാറി പ്ലസ്ടു വിദ്യാര്‍ത്ഥിയെ വിവാഹം കഴിച്ചു

ഷബ്‌നം എന്ന യുവതിയാണ് ഹിന്ദുമതത്തിലേക്ക് മാറി ശിവാനി എന്ന പേര് സ്വീകരിച്ച് വീണ്ടും വിവാഹിതയായത്

ലക്‌നൗ: മൂന്ന് കുട്ടികളുടെ അമ്മയായ മുപ്പതുകാരി മതംമാറി പ്ലസ്ടു വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്തു. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലാണ് സംഭവം. ഷബ്‌നം എന്ന യുവതിയാണ് ഹിന്ദുമതത്തിലേക്ക് മാറി ശിവാനി എന്ന പേര് സ്വീകരിച്ച് വീണ്ടും വിവാഹിതയായത്. ഇവരുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെന്നും യുവതി നേരത്തെ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്നും ഹസന്‍പൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ ദീപ് കുമാര്‍ പന്ത് പറഞ്ഞു.

മതപരിവര്‍ത്തന നിരോധന നിയമം നിലവിലുളള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 2021-ലെ മതപരിവര്‍ത്തന നിരോധന നിയമമനുസരിച്ച് ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ മതപരിവര്‍ത്തനം നടത്തുന്നത് കുറ്റകരമാണ്. ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഹസന്‍പൂര്‍ പൊലീസ് പറഞ്ഞു.

മീററ്റ് സ്വദേശിയായ ഒരാളെയാണ് ശിവാനി ആദ്യം വിവാഹം കഴിച്ചത്. എന്നാല്‍ ആ ബന്ധം അധികംവൈകാതെ വിവാഹമോചനത്തില്‍ കലാശിച്ചു. സൈദന്‍വാലി ഗ്രാമത്തില്‍ നിന്നുളള തൗഫീഖ് എന്നയാളെയാണ് യുവതി പിന്നീട് വിവാഹം ചെയ്തത്. 2011-ല്‍ ഒരു വാഹനാപകടത്തില്‍ തൗഫീഖിന് സാരമായി പരിക്കേറ്റു. അടുത്തിടെയാണ് യുവതി പ്ലസ്ടു വിദ്യാര്‍ത്ഥിയായ പതിനെട്ടുകാരനുമായി പ്രണയത്തിലായത്. കഴിഞ്ഞയാഴ്ച്ച തൗഫീഖില്‍ നിന്ന് വിവാഹമോചനം നേടി അവര്‍ ഹിന്ദുമതം സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിയെ വിവാഹം കഴിച്ചു.

അതേസമയം, യുവതിയെ വിവാഹം കഴിക്കാനുളള മകന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും ദമ്പതികള്‍ സന്തോഷമായി ജീവിക്കുന്നുവെങ്കില്‍ അതാണ് തങ്ങളുടെയും സന്തോഷമെന്നും പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ പിതാവ് ദത്താറാം സിങ് പറഞ്ഞു. ഇരുവരും സമാധാനമായി സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കണം എന്നുമാത്രമേ കുടുംബം ആഗ്രഹിക്കുന്നുളളുവെന്നും ദത്താറാം സിങ് കൂട്ടിച്ചേര്‍ത്തു.

Content Highlights: 30 year old women converts and marry 12th student in up amroha

To advertise here,contact us