ഷിംല: ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാരിനെ വിമർശിച്ച് നടിയും മാണ്ഡി എംപിയുമായ കങ്കണ റണാവത്ത്. മണാലിയിലെ തന്റെ വീടിന് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതിനെ തുടർന്നാണ് വിമർശനം. താൻ താമസിക്കാത്ത വീട്ടിൽ ഒരുലക്ഷം രൂപയാണ് കറന്റ് ബിൽ ലഭിച്ചതെന്നാണ് കങ്കണയുടെ ആരോപണം. ഹിമാചൽ പ്രദേശിൽ നടന്ന ഒരു രാഷ്ട്രീയ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കങ്കണ.
'ഈ മാസം എന്റെ മണാലിയിലെ വീടിന് ഒരുലക്ഷം രൂപയാണ് കറന്റ് ബിൽ. ഞാനിപ്പോൾ അവിടെയല്ല താമസിക്കുന്നത്. വളരെ പരിതാപകരമായ അവസ്ഥയാണിത്. ബിൽ കണ്ട് എന്താണ് നടക്കുന്നതെന്നോർത്ത് എനിക്ക് ലജ്ജ തോന്നി', കങ്കണ പറഞ്ഞു.
സംസ്ഥാനത്ത് ഭരണമാറ്റം കൊണ്ടുവരാൻ ബിജെപി പ്രവർത്തകരോട് ആവശ്യപ്പെട്ട കങ്കണ താഴേത്തട്ടിലുള്ള പ്രവർത്തകരോട് അതിന് വേണ്ടി പ്രവർത്തിക്കാനും ആഹ്വാനംചെയ്തു. ചെന്നായ്ക്കളുടെ പിടിയിൽനിന്ന് സംസ്ഥാനത്തെ മോചിപ്പിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.
Content Highlights: Kangana Ranaut stunned by 1 lakh electricity bill for Manali home