വഖഫ് നിയമഭേദഗതിക്കെതിരെ പ്രതിഷേധം: മുര്‍ഷിദാബാദിൽ വീണ്ടും സംഘർഷം; മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്

പ്രതിഷേധം നടത്തുന്നവർ റെയിൽവെ ട്രാക്കിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ ട്രെയിൻ ​ഗതാ​ഗതവും തടസ്സപ്പെട്ടു

കൊൽകത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ വീണ്ടും സംഘര്‍ഷം. സംഘർഷത്തിൽ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. വഖഫ് നിയമഭേദഗതിക്കെതിരെ ഇന്നലെയും മുർഷിദാബാദിൽ പ്രതിഷേധം അരങ്ങേറുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നും പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധം നടത്തുന്നവർ റെയിൽവെ ട്രാക്കിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ ട്രെയിൻ ​ഗതാ​ഗതവും തടസ്സപ്പെട്ടു. പൊലീസിന് പുറമെ ബിഎസ്എഫിനേയും സംഘർഷ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

അതിനിടെ വഖഫ് നിയമഭേദഗതി ബംഗാളിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർ‍ജി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന കാലത്തോളം താൻ നിയമം നടപ്പാക്കില്ലെന്നും വഖഫിൻ്റെ പേരിൽ നടക്കുന്ന അതിക്രമങ്ങളെ ശക്തമായി നേരിടുമെന്നും മമത അറിയിച്ചു. മുര്‍ഷിദാബാദിലെ വഖഫ് പ്രതിഷേധങ്ങളെ പറ്റി സംസാരിക്കുന്നതിനിടയിലായിരുന്നു മമതയുടെ പ്രതികരണം.

കേന്ദ്ര സർക്കാരാണ് നിയമം നടപ്പിലാക്കിയതെന്നും സംസ്ഥാനം ഇതിനെതിരെയാണെന്നും മമത വ്യക്തമാക്കി. കലാപത്തിന് പ്രേരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാവും. ഒരു തരത്തിലുള്ള ആക്രമണങ്ങളെയും അം​ഗീകരിക്കില്ല. പല രാഷ്ട്രീയ പാർട്ടികളും അവസരം മുതലെടുത്ത് മതം ദുരുപയോ​ഗം ചെയ്യാൻ ശ്രമിക്കുന്നുണ്ട് . അവരുടെ പ്രേരണയ്ക്ക് വഴങ്ങരുതെന്നും മമത പറഞ്ഞു. മു‍ർഷിദാബാദിലെ പ്രശ്നങ്ങളിലെ മമതയുടെ മൗനം ഭയപ്പെടുത്തുന്നുവെന്ന് വിമർശനവുമായി ബിജെപി നേതാവ് സുവേന്ദു അധികാരി കഴിഞ്ഞ ദിവസം രം​ഗത്തുവന്നിരുന്നു.

Content Highlights- Anti-Waqf Act protests: Clashes continue in Murshidabad, three deaths reported

To advertise here,contact us