വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ കളിത്തോക്ക് ഉപയോഗിച്ച് ബാങ്ക് കൊള്ളയടിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ ദേശസാൽകൃത ബാങ്കിലായിരുന്നു സംഭവം

കൊൽക്കത്ത: കൊൽക്കത്തയിലെ സർവേ പാർക്ക് പ്രദേശത്ത് കളിത്തോക്ക് ഉപയോഗിച്ച് ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. തപാൽ വകുപ്പിലെ ജീവനക്കാരനായ ദലിം ബസു (31) ആണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ ദേശസാൽകൃത ബാങ്കിലായിരുന്നു സംഭവം.

ബാങ്കിൽ എത്തിയ യുവാവ് കളിത്തോക്ക് കാണിച്ച് ബാങ്ക് ജീവനക്കാരെയും ഇടപാടുകാരെയും ഭീഷണിപ്പെടുത്തി പക്കലുള്ളതെല്ലാം കൈമാറാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭവനവായ്പ തിരിച്ചടയ്ക്കുന്നതിലടക്കമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് ബസുവിനെ കവർച്ചയിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ബസുവിന്റെ കയ്യിലെ തോക്ക് കളിത്തോക്കാണെന്ന് മനസിലാക്കിയതോടെ ബാങ്ക് മാനേജരും ഇടപാടുകാരും ഇയാളെ പിന്നിൽ നിന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. കളിത്തോക്കിന് പുറമേ ഒരു കത്തിയും ഇയാളിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Content Highlights: One Arrested for attempting to rob a bank using atoy gun in kolkata

To advertise here,contact us