കൊല്ക്കത്ത: പശ്ചിമ ബംഗാളിലെ സംഘര്ഷത്തില് അഫ്സ്പ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ബിജെപി. മുര്ഷിദാബാദില് അഫ്സ്പ പ്രഖ്യാപിക്കണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ബിജെപി എംപി ജ്യോതിര്മയി സിംഗ് മഹത്തോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
മുര്ഷിദാബാദിനെ പ്രശ്നബാധിത മേഖലയായി പ്രഖ്യാപിക്കണമെന്നും ആവശ്യമുണ്ട്. ബംഗാള് സംഘര്ഷത്തിന് പിന്നില് ഗൂഡാലോചനയുണ്ടെന്ന് ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
അതേസമയം തൃണമൂല് കോണ്ഗ്രസ് എംപിയും മുന് ക്രിക്കറ്ററുമായ യൂസഫ് പഠാൻ്റെ ഇന്സ്റ്റാഗ്രാം പോസ്റ്റിനെതിരെ വ്യാപക വിമര്ശനമുയരുന്നുണ്ട്. ബഹാറംപുര് എംപിയായ യൂസഫ് പഠാൻ്റെ രണ്ട് ദിവസം മുമ്പ് പങ്കുവെച്ച ചിത്രമാണ് ഇപ്പോള് വിമര്ശന വിധേയമായത്. 'എളുപ്പമുള്ള ഉച്ച, നല്ല ചായ, സമാധാനപരമായ അന്തരീക്ഷം', എന്ന ക്യാപ്ഷനോട് കൂടി ചായ കുടിക്കുന്ന ചിത്രമാണ് ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. സംഘര്ഷം ആരംഭിച്ച വെള്ളിയാഴ്ചയാണ് യൂസഫ് പഠാൻ ചിത്രം പങ്കുവെച്ചത്.
നിലവില് യൂസഫ് പഠാനെ വിമര്ശിക്കുന്ന കമന്റുകളാണ് പോസ്റ്റില് കൂടുതലും കാണാന് സാധിക്കുന്നത്. മുര്ഷിദാബാദ് കത്തുമ്പോള് നിങ്ങള് ആസ്വദിക്കുകയാണോ, എന്താണ് അവിടെ നടക്കുന്നതെന്ന് അറിയുമോ തുടങ്ങിയ പല കമന്റുകളും പോസ്റ്റിന് താഴെ കാണാം.
യൂസുഫിന്റെ പോസ്റ്റിനെതിരെ ബിജെപിയും രംഗത്തെത്തി. 'ബംഗാള് കത്തുകയാണ്. കണ്ണടച്ചിരിക്കാന് പറ്റില്ലെന്ന് പറഞ്ഞ് ഹൈക്കോടതി കേന്ദ്ര സേനയെ വിന്യസിച്ചു. മമത ബാനര്ജി ഇത്തരം സംസ്ഥാന സംരക്ഷണ അക്രമങ്ങളെ പിന്തുണക്കുകയാണ്. ഈ സമയത്ത് ഹിന്ദുക്കള് കശാപ്പ് ചെയ്യപ്പെടുമ്പോള് യൂസഫ് പഠാൻ എംപി ചായ കുടിച്ചിരിക്കുന്നു. ഇതാണ് ടിഎംസി', ബിജെപി വക്താവ് ഷെഹ്സാദ് പൂന്വാല പറഞ്ഞു.
നിലവില് വഖഫ് പ്രതിഷേധങ്ങളില് അറസ്റ്റിലായവരുടെ എണ്ണം 150 ആയി. വഖഫ് ഭേദഗതി നിയമത്തിനെതിരെ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് സംഘര്ഷമുണ്ടായത്. സംഘര്ഷത്തില് മൂന്ന് പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്ട്ട്. രണ്ട് പേര് സംഘര്ഷത്തിലും ഒരാള് വെടിവെപ്പിലുമാണ് കൊല്ലപ്പെട്ടതാണെന്ന് പൊലീസ് അഡീഷണല് ഡയറക്ടര് ജനറല് ജാവേദ് ഷമീം പറഞ്ഞു.
Content Highlights: BJP leaders asked AFSPA in west Bengal