ലഖ്നൗ: ഉത്തർപ്രദേശിൽ 28കാരിയായ വിധവയെ മദ്യം നൽകിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യമുനയിൽ തള്ളിയ സ്ഥല കച്ചവടക്കാരൻ പിടിയിൽ. തവണകളായി ആറ് ലക്ഷം രൂപ നൽകിയിട്ടും സ്ഥലം നൽകുന്ന നടപടിക്രമം പൂർത്തിയാക്കാത്തത് ചോദ്യം ചെയ്തെത്തിയ യുവതിയെയാണ് ഉത്തർപ്രദേശിലെ ഇത്വാഹിൽ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സുഹൃത്തിൻ്റെ സഹായത്തോടെ പ്രതി യുവതിയുടെ മൃതദേഹം യമുനയിൽ തള്ളുകയായിരുന്നു.
രണ്ട് കുട്ടികളുടെ മാതാവായ അഞ്ജലിയെയാണ് സ്ഥലകച്ചവടക്കാരാനായ ബാല എന്നറിയപ്പെടുന്ന ശിവേന്ദ്ര കൊലപ്പെടുത്തിയത്. സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ആറ് ലക്ഷം രൂപ പലതവണയായി അഞ്ജലി ബാലയ്ക്ക് കൈമാറിയിരുന്നു. എന്നാൽ ഇത്രയും പണം കൈമാറിയിട്ടും സ്ഥലം അഞ്ജലിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകിയില്ല. ഇതോടെ അഞ്ജലി പണം തിരികെ ആവശ്യപ്പെടുകയായിരുന്നു.
പണം തിരികെ നൽകാമെന്ന വ്യാജേന ശിവേന്ദ്ര യുവതിയെ ഏപ്രിൽ ഏഴിന് തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. വീട്ടിലെത്തിയ അഞ്ജലിയ്ക്ക് ശിവേന്ദ്രയും സുഹൃത്ത് ഗൗരവും ചേർന്ന് മദ്യം നൽകിയ ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ മൃതദേഹം യമുന നദിയിലെ ഒരു പാലത്തിനടിയിൽ ഉപേക്ഷിക്കുകയായിരുന്നു.
അഞ്ജലിയെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ കിരൺ പൊലീസിൽ പരാതി നൽകിയതോടെയാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. ശിവേന്ദ്ര തന്റെ സഹോദരിക്ക് വ്യാജ രേഖകൾ നൽകിയെന്നും രണ്ട് മാസമായി സ്ഥലം രജിസ്റ്റർ ചെയ്ത് നൽകുന്നത് നിരന്തരം വൈകിപ്പിച്ചുവെന്നും കിരൺ പരാതിയിൽ പറഞ്ഞിരുന്നു. അന്വേഷണത്തിനിടെ അഞ്ജലിയുടെ കാണാതായ സ്കൂട്ടർ കത്തിച്ച നിലയിൽ ഒരു അഴുക്കുചാലിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഇതിന് പിന്നാലെയാണ് സംശയത്തിന്റെ അടിസ്ഥാനത്തിൽ ശിവേന്ദ്രയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കൊലപാതക വിവരം സമ്മതിക്കുകയായിരുന്നു.
മൃതദേഹം യമുനയിൽ തള്ളിയെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അഞ്ജലിയുടെ മൃതദേഹം കണ്ടെത്താൻ പൊലീസ് സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സഹായം തേടുകയായിരുന്നു. എസ്ഡിആർഎഫ് നടത്തിയ തിരച്ചിലിനൊടുവിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. ശിവേന്ദ്രയുടെയും സുഹൃത്ത് ഗൗരവിന്റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
Content highlights: UP woman forced to drink alcohol, killed over property row; body dumped in Yamuna