'കാർ ബോംബ് വെച്ച് തകർക്കും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

സംഭവത്തില്‍ വെര്‍ലി പൊലീസ് അന്വേഷണം ആരംഭിച്ചു

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. കാര്‍ ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് ഭീഷണി. മുംബൈ ട്രാന്‍സ്‌പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റിന്റെ വാട്‌സാപ്പ് നമ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ വെര്‍ലി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇതാദ്യമായല്ല സല്‍മാന്‍ ഖാനെതിരെ വധഭീഷണി ഉയരുന്നത്. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം നടനെതിരെ നിരന്തരം വധഭീഷണി ഉയർത്താറുണ്ട്. സിനിമാ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ കേസ് വന്നതിനുപിന്നാലെ 2018ല്‍ ബിഷ്‌ണോയ് സമുദായാംഗങ്ങള്‍ സല്‍മാനെ വധിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14ന് സല്‍മാന്റെ ഗാലക്‌സി അപാര്‍ട്ട്‌മെന്റിന് നേരെ വെടിവയ്പ്പുണ്ടായി. ബൈക്കിലെത്തിയ രണ്ടുപേര്‍ സല്‍മാന്റെ അപാര്‍ട്ട്‌മെന്റിന്റെ ഒന്നാം നിലയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ബിഷ്‌ണോയുടെ സംഘമാണ് ആക്രമണത്തിനുപിന്നിലെന്ന് പിന്നീട് വ്യക്തമായി. ജനുവരിയില്‍ അജ്ഞാതര്‍ തന്റെ ഫാം ഹൗസിലേക്ക് അതിക്രമിച്ചുകയറാന്‍ ശ്രമിച്ചുവെന്ന് സല്‍മാന്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു. എന്‍സിപി നേതാവും സല്‍മാന്റെ സുഹൃത്തുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറന്‍സിന്റെ സംഘം ഏറ്റെടുത്തിരുന്നു. ഗുജറാത്തിലെ സബര്‍മതി ജയിലിലാണ് ലോറന്‍സ് ബിഷ്‌ണോയി നിലവിലുള്ളത്.

വധഭീഷണി തുടർക്കഥയായതോടെ ഈവര്‍ഷം ആദ്യം സല്‍മാന്‍ ഖാന്‍ തന്റെ വീടിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ബാല്‍ക്കണിയില്‍ പുതിയ ബുളളറ്റ് പ്രൂഫ് ഗ്ലാസ് വെച്ച നടന്‍ വീടിന്റെ സുരക്ഷയ്ക്കായി വൈദ്യുതി വേലിയും ഒരുക്കിയിട്ടുണ്ട്. സല്‍മാന്‍ ഖാന്റെ കാറിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു വാഹനവ്യൂഹം എപ്പോഴും ഉണ്ടാകാറുണ്ട്. വൈ- പ്ലസ് സെക്യൂരിറ്റിയുളള താരത്തിന് പൊലീസ് എസ്‌കോര്‍ട്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ വിധത്തിലുളള ആയുധങ്ങളും കൈകാര്യം ചെയ്യാനറിയുന്ന ഒരു കോണ്‍സ്റ്റബിളിന്റെ സേവനവും അദ്ദേഹത്തിനുണ്ട്. സല്‍മാന്‍ ഖാന്റെ ഫാം ഹൗസിനും സെക്യൂരിറ്റികളുടെ നീണ്ട നിരതന്നെയുണ്ട്.

Content Highlights: actor salman khan get fresh death threat

To advertise here,contact us