ന്യൂഡല്ഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട സിപിഐഎം പോളിറ്റ് ബ്യൂറോയുടെ ആദ്യ യോഗം മെയ് രണ്ടിന് നടക്കും. ആദിവാസി വിഭാഗത്തില് നിന്ന് സിപിഐഎം പോളിറ്റ് ബ്യൂറോയില് എത്തിയ ആദ്യ നേതാവ് പങ്കെടുക്കുന്ന ആദ്യത്തെ യോഗമെന്ന പ്രത്യേകത ഈ യോഗത്തിനുണ്ട്.
ത്രിപുര സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ ജിതേന്ദ്ര ചൗധരിയാണ് ആദിവാസി വിഭാഗത്തില് നിന്ന് സിപിഐഎം പോളിറ്റ് ബ്യൂറോയില് എത്തിയ ആദ്യ നേതാവ്. 66കാരനായ ചൗധരി മനു മണ്ഡലത്തില് നിന്നുള്ള എംഎല്എയാണ്. 1964ല് പാര്ട്ടി രൂപീകരിച്ച് 61 വര്ഷത്തിന് ശേഷമാണ് ആദിവാസി വിഭാഗത്തില് നിന്ന് പോളിറ്റ് ബ്യൂറോയിലേക്ക് ഒരു നേതാവ് തിരഞ്ഞെടുക്കപ്പെടുന്നത്.
ആദിവാസി അധികാര് രാഷ്ട്രീയ മഞ്ചിന്റെ ദേശീയാദ്ധ്യക്ഷന് കൂടിയാണ് ജിതേന്ദ്ര ചൗധരി. 1993 മുതല് 2013 വരെ മനു മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2014ല് ലോക്സഭാ എംപിയായി.
മധുരയില് നടന്ന സിപിഐഎം പാര്ട്ടി കോണ്ഗ്രസില് എട്ട് അംഗങ്ങളെയാണ് പുതുതായി പോളിറ്റ് ബ്യൂറോയിലേക്ക് ഉള്പ്പെടുത്തിയത്. 2022ല് നടന്ന 23ാം പാര്ട്ടി കോണ്ഗ്രസില് രാമചന്ദ്ര ഡോം പോളിറ്റ് ബ്യൂറോയിലെത്തുന്ന ദളിത് വിഭാഗത്തില് നിന്നുള്ള ആദ്യ നേതാവായിരുന്നു.
വരും വര്ഷങ്ങളില് ദളിത്, ആദിവാസി, വനിത വിഭാഗങ്ങളില് നിന്ന് കൂടുതല് പേരെ പോളിറ്റ് ബ്യൂറോയിലേക്ക് പരിഗണിക്കുമെന്നാണ് പാര്ട്ടി വൃത്തങ്ങളില് നിന്നുള്ള വിവരം. പുതിയ പോളിറ്റ് ബ്യൂറോയില് രണ്ട് വനിതകളാണുള്ളത്. മറിയം ധാവ്ലെയും യു വാസുകിയും.
Content Highlights: Jitendra chaudury has become the first Adivasi member of the CPI(M) Politburo