'കാൻസറാണ്, ചികിത്സയ്ക്കായി പണം പാഴാക്കാൻ ആഗ്രഹിക്കുന്നില്ല'; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം

ഗാസിയാബാദ്: ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. രാജ് നഗർ എക്സ്റ്റൻഷനിലെ രാധ കുഞ്ച് സൊസൈറ്റിയിലുള്ള വീട്ടിൽ വെച്ചാണ് റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ കുൽദീപ് ത്യാഗി (47) ഭാര്യ അൻഷു ത്യാഗി(57)യെ വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. തനിക്ക് കാൻസറാണെന്നും രോഗമുക്തി ഉറപ്പില്ലാത്തതിനാൽ ചികിത്സക്കായി പണം പാഴാകാതിരിക്കാനാണ് ജീവനൊടുക്കുന്നതെന്നും ദമ്പതികളുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.‌

"എനിക്ക് കാൻസർ ബാധിച്ചിരിക്കുന്നു, എന്റെ കുടുംബത്തിന് അതിനെക്കുറിച്ച് അറിയില്ല. എന്റെ ചികിത്സയ്ക്കായി പണം പാഴാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നേക്കും ഒരുമിച്ചു ജീവിക്കാൻ ഞങ്ങൾ പ്രതിജ്ഞയെടുത്തതിനാലാണ് ഞാൻ എന്റെ ഭാര്യയെ കൂടെ കൊണ്ടുപോകുന്നത്. ഇത് എന്റെ മാത്രം തീരുമാനമാണ്. ആരെയും, പ്രത്യേകിച്ച് എന്റെ കുട്ടികളെ, കുറ്റപ്പെടുത്തേണ്ടതില്ല," കുറിപ്പിൽ പറയുന്നു.

സംഭവം നടക്കുമ്പോൾ ദമ്പതികളുടെ രണ്ട് ആൺമക്കളും ഒന്നാം നിലയിലായിരുന്നു. വെടിയൊച്ച കേട്ടാണ് അവർ സംഭവം അറിഞ്ഞത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി പൊലീസ് വ്യക്തമാക്കി.

Content Highlights: Cancer-Stricken Property Dealer Shoots Wife and Self In Ghaziabad

To advertise here,contact us