'ജഡ്ജി ഭരണഘടന മറന്നു; ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം കുറഞ്ഞു'; ജുഡീഷ്യറിക്കെതിരെ ജഗ്ധീപ് ധന്‍കര്‍

'ജഡ്ജിമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണ്'

ന്യൂഡല്‍ഹി: ജുഡീഷ്യറിക്കെതിരെ വിമര്‍ശനവുമായി ഉപരാഷ്ട്രപതി ജഗ്ധീപ് ധന്‍കര്‍. ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം കുറഞ്ഞുവരുന്നതായി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. ബില്ലില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെയും ഉപരാഷ്ട്രപതി വിമര്‍ശനം ഉന്നയിച്ചു. രാഷ്ട്രപതിക്കെതിരെ വിധി പുറപ്പെടുവിച്ച ജഡ്ജി ഭരണഘടന മറന്നുവെന്ന് ധന്‍കര്‍ പറഞ്ഞു. രാഷ്ട്രപതിയെ നയിക്കാന്‍ കോടതികള്‍ക്കാകില്ല. ആര്‍ട്ടിക്കിള്‍ 142 ജനാധിപത്യത്തിനെതിരായ ആണവ മിസൈലായെന്നും ധന്‍കര്‍ വിമര്‍ശിച്ചു. രാജ്യസഭാ ഇന്റേണുകളുടെ ആറാം ബാച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രപതി രാജ്യത്തെ പരമോന്നത പദവിയിലുള്ള വ്യക്തിയാണ്. ഈയടുത്ത് പുറപ്പെടുവിക്കപ്പെട്ട ഒരു വിധിയില്‍ രാഷ്ട്രപതിയോടായി ഒരു കാര്യം നിര്‍ദേശിക്കപ്പെട്ടിരിക്കുകയാണ്. റിവ്യു ഫയല്‍ ചെയ്യണോ വേണ്ടയോ എന്നതല്ല ഇവിടുത്തെ ചോദ്യം. സമയബന്ധിതമായി തീരുമാനമെടുക്കാന്‍ ഇവിടെ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്നു. നിയമനിര്‍മാണവും എക്‌സിക്യൂട്ടീവ് പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്ന, സൂപ്പര്‍ പാര്‍ലമെന്റായി പ്രവര്‍ത്തിക്കുന്ന ജഡ്ജിമാര്‍ നമുക്കിടയിലുണ്ടെന്നും ധന്‍കര്‍ കുറ്റപ്പെടുത്തി

ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തിയ സംഭവത്തില്‍ ജുഡീഷ്യറിയുടെ ഇടപെടലിലും ധന്‍കര്‍ വിമര്‍ശനം ഉന്നയിച്ചു. സംഭവത്തില്‍ മൂന്നംഗ ജഡ്ജിമാരുടെ സമിതിയെ നിയമിച്ച സുപ്രീംകോടതി നടപടി ജുഡീഷ്യറിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്ന് ധന്‍കര്‍ പറഞ്ഞു. എന്തിന്റെ അടിസ്ഥാനത്തിലാണ് സമിതി രൂപീകരിച്ചതെന്നും ധന്‍കര്‍ ചോദിച്ചു. ജഡ്ജിമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണ്. മാര്‍ച്ച് 14നും 15നും ഇടയിലുള്ള രാത്രിയില്‍ നടന്ന സംഭവം പുറത്തറിഞ്ഞത് ഏഴ് ദിവസത്തിന് ശേഷമാണ്. ഒളിപ്പിച്ചുവെച്ച വിവരങ്ങള്‍ പൂര്‍ണമായും പുറത്തവരണം. ജഡ്ജിമാര്‍ക്കെതിരെ കേസെടുക്കണമെങ്കില്‍ ജുഡീഷ്യറിയുടെ അനുമതി വേണമെന്നത് ഭരണഘടനയില്‍ ഒരിടത്തുമില്ലാത്ത നിര്‍വചനമാണെന്നും ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.

Content Highlights- Vice president Jagdeep Dhankhar against judiciary

To advertise here,contact us