മധ്യപ്രദേശ്: മധ്യപ്രദേശിലെ ബുർഹാൻപൂരിൽ 25കാരനായ ഭർത്താവിനെ 17കാരിയായ ഭാര്യയും കാമുകന്റെ സഹായികളും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാമുകനെ വീഡിയോ കോളിലൂടെ കാണിച്ചു. ഗോൾഡൻ പാണ്ഡെ എന്നറിയപ്പെടുന്ന രാഹുലാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇൻഡോർ-ഇച്ചാപൂർ ഹൈവേയിലെ ഐടിഐ കോളേജിന് സമീപമാണ് സംഭവം. കൊലയാളികൾ പൊട്ടിയ ബിയർ കുപ്പി ഉപയോഗിച്ച് 36 തവണ രാഹുലിന്റെ ശരീരത്തിൽ കുത്തിയിറക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നാല് മാസം മുമ്പാണ് രാഹുലും 17കാരിയും വിവാഹിതരാവുന്നത്. കൊലപാതകം നടന്ന ദിവസം ഇരുവരും ഷോപ്പിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. യാത്രമധ്യേ തന്റെ ചെരിപ്പുകൾ താഴെ വീണെന്ന് പറഞ്ഞ പെൺകുട്ടി, ബൈക്ക് നിർത്താൻ രാഹുലിനോട് ആവശ്യപ്പെട്ടു. തുടർന്ന് ബൈക്ക് നിർത്തിയപ്പോൾ തന്നെ പെൺകുട്ടിയുടെ കാമുകനായ യുവരാജിൻ്റെ രണ്ട് സുഹൃത്തുക്കൾ ചേർന്ന് രാഹുലിനെ തടഞ്ഞുനിർത്തി. പ്രതികൾ യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് പൊട്ടിയ ബിയർ കുപ്പി ഉപയോഗിച്ച് 36 തവണ കുത്തി. രാഹുൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ബുർഹാൻപൂർ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര പട്ടീദാർ പറഞ്ഞു.
കൊലപാതകത്തിന് ശേഷം കാമുകനെ മൃതദേഹം കാണിക്കുന്നതിനായി പെൺകുട്ടി കാമുകൻ യുവരാജിനെ വീഡിയോ കോളിൽ വിളിച്ചു. ശേഷം മൃതദേഹം അടുത്തുള്ള ഒരു വയലിൽ ഉപേക്ഷിച്ച ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിന് ശേഷംപെൺകുട്ടിയെ കാണാതായതോടെയാണ് പൊലീസിന് സംശയം തോന്നിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ 17കാരിയായ പെൺകുട്ടി, അവളുടെ കാമുകൻ യുവരാജ്, പ്രായപൂർത്തിയാകാത്ത രണ്ട് സഹായികൾ എന്നിങ്ങനെ നാല് പ്രതികളെയും പൊലീസ് പിടികൂടി. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകം, കൊലപാതക ഗൂഢാലോചന, തെളിവുകൾ മറച്ചുവെക്കൽ എന്നീ കുറ്റങ്ങളാണ് നാലുപേർക്കെതിരെയും ചുമത്തിയിരിക്കുന്നത്.
Content Highlights: 17-year-old girl stabs husband to death, then shows body to boyfriend over video call