ന്യൂഡല്ഹി: ബിജെപി പശ്ചിമ ബംഗാള് മുന് അധ്യക്ഷന് ദിലീപ് ഘോഷ് വിവാഹിതനായി. മഹിളാ മോര്ച്ച നേതാവ് റിങ്കു മജൂംദാര് ആണ് വധു. കൊല്ക്കത്തയിലെ ന്യൂടൗണ് റെസിഡന്സില് തികച്ചും സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. അറുപതാമത്തെ വയസ്സിലാണ് ഘോഷിന്റെ വിവാഹം. അമ്മയുടെ ദീര്ഘകാലമായുള്ള ആഗ്രഹസാഫല്യമാണിതെന്നും സ്വകാര്യ ജീവിതം രാഷ്ട്രീയജീവിതത്തെ ബാധിക്കില്ലെന്നും ദിലീപ് ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഘോഷിന്റെ ആദ്യ വിവാഹവും റിങ്കുവിന്റെ രണ്ടാം വിവാഹവുമാണ്. ആദ്യവിവാഹത്തില് റിങ്കുവിന് ഒരു മകനുണ്ട്. 2021 മുതല് ഇരുവരും സുഹൃത്തുക്കളാണ്. കൊല്ക്കത്തയിലെ ഇക്കോ പാര്ക്കിലെ പ്രഭാത നടത്തത്തിനിടെയാണ് ദിലീപ് ഘോഷുമായി പരിചയപ്പെട്ടതെന്നും ഈ മാസം ആദ്യമാണ് വിവാഹം തീരുമാനിച്ചതെന്നും മജുംദാര് പറഞ്ഞു. കൊല്ക്കത്തയില് ഐപിഎല് മാച്ചിനിടെയാണ് ദിലീപ് ഘോഷിനോട് വിവാഹം ചെയ്താലോ എന്ന് ചോദിച്ചതെന്നും റിങ്കു പറയുന്നു.
'ഞാനാണ് ദിലീപ് ഘോഷിനോട് വിവാഹത്തെക്കുറിച്ച് അവതരിപ്പിച്ചത്. ഉടന് അദ്ദേഹം പോസിറ്റീവായ മറുപടിയും നല്കി', 51 കാരിയായ റിങ്കു പറഞ്ഞു. മുതിര്ന്ന ബിജെപി നേതാക്കളും കുടുംബാംഗങ്ങളും ചടങ്ങില് പങ്കെടുത്തു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പക്കല് മുഖ്യമന്ത്രി മമതാ ബാനര്ജിയും ആശംസാകാര്ഡും പൂക്കളും കൊടുത്തയച്ചിരുന്നു. ഹണിമൂണിനെക്കുറിച്ചുള്ള ചോദ്യത്തോട് അത് ഇന്ത്യയില് എവിടെയെങ്കിലും ആയിരിക്കാമെന്നായിരുന്നു പാര്ട്ടി വൃത്തങ്ങളില് നിന്നുള്ള പ്രതികരണം.
അതിനിടെ തൃണമൂല് കോണ്ഗ്രസ് കുനാല് ഘോഷിന്റെ രസകരമായ പോസ്റ്റും ചര്ച്ചയായി. ദമ്പതികള് പരിചയപ്പെട്ട ഇക്കോ പാര്ക്ക് മമതാ ബാനര്ജിയുടെ സംഭാവനയാണ്. അതിനാല് ഇരുവരുടേയും കൂടിച്ചേരലില് മമതാ ബാനര്ജിയുടെ പങ്ക് അനിഷേധ്യമാണ് എന്നായിരുന്നു കുനാല് ഘോഷ് കുറിച്ചത്.
Content Highlights: As former BJP Bengal chief Dilip Ghosh gets married