ഗുജറാത്ത്; ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കും, ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ല

ജനപക്ഷ താല്‍പര്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് ഈ സീറ്റുകളില്‍ മത്സരിക്കുമെന്നും ശക്തിസിങ് ഗോഹില്‍ പറഞ്ഞു.

അഹമ്മദാബാദ്: ഗുജറാത്തിലെ രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്. ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്നും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ശക്തിസിങ് ഗോഹില്‍ പറഞ്ഞു. പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപതിരഞ്ഞെടുപ്പുകളില്‍ ആംആദ്മിയുമായി അകന്ന് നില്‍ക്കാന്‍ തീരുമാനിച്ചു. കാരണം അവര്‍ തങ്ങളോട് കൂടിയാലോചനകളൊന്നും നടത്താതെ തന്നെ വിശാവദര്‍ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുവെന്നും ശക്തിസിങ് ഗോഹില്‍ പറഞ്ഞു. അതേ സമയം ദേശീയ തലത്തില്‍ ഇന്‍ഡ്യ മുന്നണിയില്‍ ഇരുപാര്‍ട്ടികളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശാവദര്‍ മണ്ഡലത്തില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഗോപാല്‍ ഇറ്റാലിയയെയാണ് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

ആംആദ്മി പാര്‍ട്ടിക്ക് ഹരിയാനയില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ നല്‍കിയെങ്കിലും അത് സ്വീകരിക്കാതെ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചതാണ് ഹരിയാനയില്‍ കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണമായത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ബറൂച്ച്, ഭാവ്‌നഗര്‍ മണ്ഡലങ്ങള്‍ ആംആദ്മി പാര്‍ട്ടിക്ക് കോണ്‍ഗ്രസ് നല്‍കിയെന്നും ശക്തിസിങ് ഗോഹില്‍ പറഞ്ഞു.

എന്തായാലും വരുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് ഐക്യകണ്‌ഠേന തീരുമാനിച്ചു. ഗുജറാത്ത് വോട്ടര്‍മാര്‍ മൂന്നാമതൊരു ശക്തിയെ അംഗീകരിക്കില്ല എന്നതൊരു വസ്തുതയാണ്. ആംആദ്മി പാര്‍ട്ടി ഉണ്ടാക്കിയ നാശങ്ങള്‍ക്ക് ശേഷവും സംസ്ഥാനത്തെ വലിയ പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസാണ്. ജനപക്ഷ താല്‍പര്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് ഈ സീറ്റുകളില്‍ മത്സരിക്കുമെന്നും ശക്തിസിങ് ഗോഹില്‍ പറഞ്ഞു.

Content Highlights:

To advertise here,contact us