മാംസാഹാരികളെ 'വൃത്തികെട്ടവർ' എന്ന് വിളിച്ചു; മുംബൈയിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ സംഘർഷം

സംഭവത്തിന്റെ ദ്യശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറാലായി

ന്യൂഡൽഹി: മുംബൈയിലെ ഘാട്‌കോപ്പർ മേഖലയിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ മാംസാഹാരം കഴിക്കുന്നതിനെച്ചൊല്ലി സംഘർഷം. ഗുജറാത്തി സമൂഹത്തിലെ അംഗങ്ങളും മറാത്തികളായ തദ്ദേശിയരും തമ്മിലാണ് സംഘർഷം നടന്നത്. മാംസവും മീനും കഴിച്ചതിന്റെ പേരിൽ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിലെ ഗുജറാത്തി താമസക്കാർ ഇവിടെയുള്ള മറാത്തി കുടുംബങ്ങളോട് മോശമായി പെരുമാറിയതായി ആരോപണമുണ്ടായതിനെത്തുടർന്നാണ് സംഘർഷം ഉടലെടുത്തത്.

സംഭവത്തിന്റെ ദ്യശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറാലായി.ഘാട്‌കോപ്പറിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ ഗുജറാത്തി നിവാസികൾക്ക് എംഎൻഎസ് പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നതും വീഡിയോയിൽ കാണാം. മാംസാഹാരം കഴിച്ചതിന് അവിടെ താമസിക്കുന്ന മറാത്തി സംസാരിക്കുന്ന നാല് കുടുംബങ്ങളോട് താമസക്കാർ മോശമായി പെരുമാറിയതായി തൊഴിലാളികൾ ആരോപിച്ചു. മത്സ്യവും മാംസവും കഴിച്ചതിന് ഇവരെ വൃത്തികെട്ടവരെന്ന് വിളിച്ചതായും പ്രാദേശിക എംഎൻഎസ് നേതാവ് രാജ് പാർട്ടെ വീഡിയോയിൽ ആരോപിച്ചു.

'ആർക്കും മുംബൈയിൽ താമസിക്കാം, ഇവിടെ ജോലി ചെയ്യാം, പക്ഷേ ഇത്തരം കാര്യങ്ങൾ ഞങ്ങൾ അനുവദിക്കില്ല. മറ്റുള്ളവർക്ക് എന്ത് കഴിക്കണമെന്ന് എങ്ങനെ നിർദ്ദേശിക്കാൻ കഴിയും,' എന്ന് പാർട്ടെ പറയുന്നത് വീഡിയോയിൽ കാണാം. അതേസമയം ഒരു താമസക്കാരൻ അദ്ദേഹത്തെ എതിർത്ത് ഭക്ഷണത്തിന് യാതൊരു നിയന്ത്രണങ്ങളുമില്ലെന്ന് പറയുന്നത് കേൾക്കാം. അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ മാംസാഹാരം പാകം ചെയ്യുന്നത് വിലക്കിയതിനാൽ അടുത്തുള്ള പ്രദേശത്തെ മറാത്തി സംസാരിക്കുന്ന കുടുംബങ്ങൾക്ക് പുറത്തു നിന്ന് ഭക്ഷണം ഓർഡർ ചെയ്യേണ്ടി വരുന്നുവെന്നും പാർട്ടെ പറഞ്ഞു.

സംഘർഷം രൂക്ഷമാകുമെന്ന് ആശങ്ക തോന്നിയ താമസക്കാർ തന്നെയാണ് പൊലീസിനെ വിളിച്ചത്. ഇരുവരും ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. താമസക്കാരോട് ഐക്യത്തോടെ ജീവിക്കാനും മറ്റുള്ളവരെ ഉപദ്രവിക്കരുതെന്നും പൊലീസ് പറഞ്ഞു. തദ്ദേശിയരായ താമസക്കാരോട് മോശമായി പെരുമാറുന്നത് തടയാൻ പൊലീസ് വാക്കാലുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. മറാത്തി സംസാരിക്കുന്ന താമസക്കാർക്ക് ഭക്ഷണത്തിൻ്റെ പേരിൽ അപ്പാർട്ട്മെന്റ് സമുച്ചയങ്ങളിൽ വിവേചനം നേരിടേണ്ടിവരുന്നുവെന്ന് എംഎൻഎസും ശിവസേനയും നേരത്തെ ആരോപിച്ചിരുന്നു

Content Highlight: Row At Mumbai Apartment Complex After Non-Vegetarians Called "Dirty"

To advertise here,contact us