ന്യൂഡല്ഹി: 2000 രൂപയ്ക്ക് മുകളില് യുപിഎ ഇടപാടുകള്ക്ക് ജിഎസ്ടി എന്ന പ്രചരണം തള്ളി ധനമന്ത്രാലയം. വാര്ത്ത പൂര്ണ്ണമായും വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ധനമന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില് പറഞ്ഞു.
നിലവില് സര്ക്കാരിന് അത്തരത്തിലൊരു ഉദ്ദേശ്യമില്ല. യുപിഐ വഴിയുള്ള ഡിജിറ്റല് ഇടപാടുകള് പ്രോത്സാഹിപ്പിക്കുന്നതിന് സര്ക്കാര് പ്രതിജ്ഞാബദ്ധമാണെന്നും ധനമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില് പറയുന്നു.
2024ലെ എസിഐ വേള്ഡ്വൈഡ് റിപ്പോര്ട്ട് അനുസരിച്ച്, 2023ല് ആഗോള റിയല് ടൈം ഇടപാടുകളില് 49 ശതമാനവും ഇന്ത്യയില് നിന്നായിരുന്നു. ഇതിലൂടെ ഡിജിറ്റല് പേയ്മെന്റ് വളര്ച്ചയില് ആഗോള തലത്തില് തന്നെ ഇന്ത്യ മുന്നിലാണെന്ന് ഉറപ്പിക്കുന്നു. 2019-20 കാലത്ത് 21.3 ലക്ഷം കോടി രൂപയായിരുന്നു ഡിജിറ്റല് ഇടപാട്. 2025 മാര്ച്ചോടെ ഇത് 260.56 ലക്ഷം കോടിയായി വര്ധിച്ചു. ഇത് ഡിജിറ്റല് പേയ്മെന്റ് രീതിയില് വര്ധിച്ചുവരുന്ന സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നതെന്നും കുറിപ്പില് പറയുന്നു.
Content Highlights: the government clarified that it is not mulling to levy GST on UPI transactions above ₹2,000