ഹൈദരാബാദ്: ഹൈദരാബാദിലെ ഗജുലാരമരത്ത് ആൺമക്കളെ വെട്ടികൊലപ്പെടുത്തിയ ശേഷം അമ്മ ഫ്ലാറ്റിൻ്റെ അഞ്ചാം നിലയിൽ നിന്ന് ചാടി മരിച്ചു. തൻ്റെ പാരമ്പര്യ നേത്രരോഗം മക്കൾക്കും ഉണ്ടായതിൻ്റെ മാനസിക ബുദ്ധിമുട്ടിലാണ് അമ്മ മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇവരുടെ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ കാഴ്ച കുറവിനെ ചൊല്ലിയുള്ള കുത്തുവാക്കുകൾ തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. 32 കാരിയായ തേജ്വസിനിയാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ഏറെ കാലമായി തേജ്വസിനി നേത്ര രോഗത്തിൻ്റെ ചികിത്സയിലായിരുന്നു. രോഗത്താൽ ഏറെ ബുദ്ധിമുട്ടിയിരുന്ന തേജ്വസിനിയുടെ രണ്ട് മക്കൾക്കും തൻ്റെ രോഗം വന്നതോടെ തേജ്വസിനി കടുത്ത മാനസിക സംഘർഷത്തിലാവുകയായിരുന്നു. നാല് മണിക്കൂർ കൂടുമ്പോൾ കണ്ണിൽ മരുന്നൊഴിക്കാതെ കുട്ടികൾക്ക് കണ്ണ് കാണാതെയായി. ഇതിനിടയിൽ ഭർത്താവിൽ നിന്ന് ഉൾപ്പടെയുള്ള കുത്തുവാക്ക് തുടർന്നതോടെയാണ് ഇവർ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. പിന്നാലെ തേങ്ങ വെട്ടാനായി ഉപയോഗിക്കുന്ന മഴുവെടുത്ത് കുട്ടികളെ രണ്ടുപേരെയും ഇവർ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഫ്ലാറ്റിൻ്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
കുട്ടികളുടെ കാഴ്ച പ്രശ്നത്തെ ചൊല്ലി താനും ഭർത്താവും തമ്മിൽ വഴക്കുകളുണ്ടാവാറുണ്ടെന്നും ഒരു ദിവസം തന്നോട് ഭർത്താവ് പോയി മരിക്കാൻ പറഞ്ഞതായും ആത്മഹത്യ കുറിപ്പിൽ പറയുന്നു. സങ്കടവും വേദനയും സഹിക്കാനാവാതെയാണ് തേജ്വസിനി ഇത്തരത്തിലൊരു പ്രവർത്തിയിലേക്ക് കടന്നതെന്ന് പൊലീസ് വ്യക്തമാക്കി.
Content Highlight- Children also have a hereditary eye disease, they cannot see without medication, mother kills her children after killing them