ഡല്ഹി: ജമ്മുകശ്മീരിലെ ശ്രീനഗറില് നിന്നും മുഖ്യമന്ത്രി ഒമര് അബ്ദുല്ല ഉള്പ്പെടെയുളള യാത്രക്കാരുമായി പുറപ്പെട്ട ഡല്ഹി ഇന്ഡിഗോ വിമാനം കഴിഞ്ഞ ദിവസം യാത്രാമധ്യേ വഴിതിരിച്ചുവിടുകയുണ്ടായി. സംഭവത്തിനെതിരെ രൂക്ഷവിമര്ശനവുമായി ഒമര് അബ്ദുളള രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡല്ഹി വിമാനത്താവളം. വിമാനം വെെകിയതിലും വഴിതിരിച്ചുവിട്ടതിലും ഡല്ഹി വിമാനത്താവളത്തെ കുറ്റപ്പെടുത്തുന്നത് ന്യായമല്ലെന്നാണ് വിശദീകരണം.
'ഡല്ഹി വിമാനത്താവളത്തിലെ റണ്വേ 10/28 ഏപ്രില് 8 മുതല് ഇന്സ്ട്രുമെന്റല് ലാന്ഡിംഗ് സിസ്റ്റം നവീകരണത്തിനായി അടച്ചിട്ടിരിക്കുകയാണ്. മാസങ്ങള്ക്കു മുന്പേ ആസൂത്രണം ചെയ്തതാണ് ഈ നവീകരണം. പൈലറ്റുമാരെ സുരക്ഷിതമായി വിമാനം ലാന്ഡ് ചെയ്യാന് സഹായിക്കുന്ന സംവിധാനമാണ് ഇന്സ്ട്രുമെന്റല് ലാന്ഡിംഗ് സിസ്റ്റം. സാധാരണയായി കാറ്റിന്റെ ഗതി അടിസ്ഥാനമാക്കിയാണ് റണ്വേ അടച്ചിടല് സമയം നിശ്ചയിക്കുക. വിവിധ എയര്ലൈനുകളും എയര് ട്രാഫിക് കണ്ട്രോളുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. കാറ്റിന്റെ ഗതി മാറുന്നതിനനുസരിച്ച് യാത്രക്കാരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് വിമാനക്കമ്പനികള്ക്ക് സമയം പുനക്രമീകരിക്കുകയോ വിമാനം റദ്ദാക്കുകയോ ചെയ്യേണ്ടിവരും. ഐഎല്എസ് നവീകരണം താല്ക്കാലികമായി നിര്ത്തിവയ്ക്കാന് ഡല്ഹി വിമാനത്താവളം തീരുമാനിച്ചിട്ടുണ്ട്. റണ്വേ 10/28 മെയ് ആദ്യവാരം വീണ്ടും തുറക്കും. ബാക്കി നവീകരണം പിന്നീട് നടത്താനാണ് തീരുമാനം. യാത്രക്കാര്ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന് എല്ലാവരും ചേര്ന്ന് പ്രവര്ത്തിക്കുകയാണ്. ഇതെല്ലാം മുന്കൂട്ടി ആസൂത്രണം ചെയ്തതാണ്.'-ഡല്ഹി വിമാനത്താവളം പുറത്തുവിട്ട മറുപടിയില് പറയുന്നു.
കഴിഞ്ഞ ദിവസം വഴിതിരിച്ചുവിട്ട വിമാനം മൂന്നുമണിക്കൂറോളം ആകാശത്തുതന്നെ സ്ഥിതിചെയ്തു. പിന്നീട് ജയ്പൂര് വിമാനത്താവളത്തിലിറക്കി. ശേഷം മണിക്കൂറുകളോളം ജയ്പൂര് വിമാനത്താവളത്തിലെ റണ്വേയില് കിടന്നു. രണ്ടുമണിയോടെയാണ് വിമാനം ഡല്ഹിയിലേക്ക് പുറപ്പെട്ടത്. അതുവരെ യാത്രക്കാര് എന്തുചെയ്യണമെന്നറിയാതെ വിമാനത്താവളത്തില്തന്നെയായിരുന്നു. ഇതോടെ ഡല്ഹി വിമാനത്താവളത്തിനെതിരെ രൂക്ഷവിമര്ശനവുമായി ഒമര് അബ്ദുല്ല രംഗത്തെത്തുകയായിരുന്നു.
'മര്യാദ പാലിക്കാനുളള മാനസികാവസ്ഥയിലല്ല ഞാന്. ഇത് ഡല്ഹി വിമാനത്താവളത്തിന്റെ വൃത്തികെട്ട ഷോയാണ്. ജമ്മുവില് നിന്ന് പുറപ്പെട്ട വിമാനം മൂന്നു മണിക്കൂറോളം ആകാശത്തുതന്നെയായിരുന്നു. പിന്നീട് ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടു. ഇപ്പോഴിതാ അര്ധരാത്രി 1 മണിക്ക് വിമാനത്തില്നിന്നിറങ്ങി ശുദ്ധവായു ശ്വസിക്കുന്നു. ഇനി ഇവിടെ നിന്ന് എപ്പോള് ഡല്ഹിയിലേക്ക് തിരിക്കുമെന്നറിയില്ല.'-എന്നാണ് വിമാനത്താവളത്തില് നിന്നുളള ചിത്രം സഹിതം ഒമര് അബ്ദുളള കുറിച്ചത്. പുലര്ച്ചെ മൂന്നുമണിക്കുശേഷം ഡല്ഹി എത്തിയെന്ന് മണിക്കൂറുകള്ക്കുശേഷം ഒരു പോസ്റ്റില് അദ്ദേഹം കുറിച്ചു.
Content Highlights: delhi airport reply to omar abdullah post on indigo flight delay