'ഭാര്യ നാല് ആൺ സുഹൃത്തുക്കൾക്കൊപ്പം തന്നെ കൊല്ലാൻ പദ്ധതിയിടുന്നു'; പൊലീസിന് പരാതി നൽകി ഭർത്താവ്

തൻ്റെ ഭാര്യ താൻ വീട്ടിലില്ലാത്തപ്പോൾ ആൺ സുഹൃത്തുക്കളെ കൊണ്ടുവരുന്നുവെന്നും, അവരുമായി മദ്യപിക്കുന്നുവെന്നും ഗൗരവ് പരാതിയിൽ പറയുന്നുണ്ട്

ലക്‌നൗ: ഭാര്യ തന്റെ നാല് കാമുകന്മാരുമായി ചേർന്ന് തന്നെ കൊല്ലാൻ പദ്ധതിയിടുന്നുവെന്ന് ഭർത്താവ്. ഇത് സംബന്ധിച്ച് ഇയാൾ പോലീസിൽ പരാതി നൽകി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം.

ഒരു സ്വകാര്യ കമ്പനിയിലെ മാനേജരായ ഗൗരവ് ശർമ്മ എന്നയാളാണ് തൻ്റെ ജീവന് ഭീഷണിയുണ്ടെന്ന് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഭാര്യയായ റിതാൻഷി ശർമ്മയ്ക്കെതിരെ മോശം പെരുമാറ്റം, ശാരീരിക പീഡനം, വധിക്കാൻ പദ്ധതിയിട്ടു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

2012ലാണ് ഗൗരവ് റിതാൻഷിയെ വിവാഹം കഴിച്ചത്. ആദ്യമെല്ലാം സന്തോഷകരമായായി ജീവിച്ചിരുന്നുവെങ്കിലും പിന്നീട് ഭാര്യയുടെ സ്വഭാവം ആകെ മാറിയെന്ന് ഗൗരവ് പറയുന്നു. ഒരിടയ്ക്ക് ഭാര്യയുടെ ഈ സ്വഭാവം സഹിക്കവയ്യാതെ ആയപ്പോൾ, എല്ലാം ശരിയാകുമെന്ന് വിശ്വസിച്ച് ഇയാൾ ഭാര്യയുമായി മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. എന്നാൽ ശേഷവും മാറ്റമുണ്ടായില്ലെന്ന് ഗൗരവ് പറയുന്നു.

തന്റെ ഭാര്യ താൻ വീട്ടിലില്ലാത്തപ്പോൾ ആൺ സുഹൃത്തുക്കളെ കൊണ്ടുവരുന്നുവെന്നും, അവരുമായി മദ്യപിക്കുന്നുവെന്നും ഗൗരവ് പരാതിയിൽ പറയുന്നുണ്ട്. ഇടയ്ക്ക് ദിവസങ്ങളോളം ഭാര്യയെ കാണാതാകുമെന്നും ഗൗരവ് പറയുന്നു. ഇതിനിടെ ഗൗരവ് തന്റെ ബന്ധുവായ ഒരു 12 വയസുകാരനെ, തന്റെയൊപ്പം താമസിക്കാൻ വീട്ടിലേക്ക് വിളിച്ചുവരുത്തി. അപ്പോഴും ഭാര്യ ഇത്തരത്തിൽ മോശമായ രീതിയിൽ പെരുമാറുന്നതായും ആൺ സുഹൃത്തുക്കളെ വിളിച്ചുവരുത്തുന്നതായും ഗൗരവ് അറിഞ്ഞു.

ശേഷം ഭാര്യയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അഞ്ച് പുരുഷന്മാരുമായി ബന്ധമുള്ളതായി കണ്ടെത്തിയെന്നാണ് ഗൗരവിൻ്റെ പരാതി. ഇവരുടെ ചാറ്റുകളുടെയും മറ്റും സ്ക്രീൻഷോട്ടുകൾ താൻ ശേഖരിച്ചിട്ടുണ്ടെന്നും ഗൗരവ് പറയുന്നു. ഭാര്യയുടെ കൈവശം രണ്ട് പിസ്റ്റലുകൾ ഉണ്ടെന്നും ആൺ സുഹൃത്തുക്കളുമായി ചേർന്ന് തന്നെ കൊലപ്പെടുത്തിയ ശേഷം, ട്രാവൽ ഇൻഷുറൻസായ 40 ലക്ഷം രൂപ കൈക്കലാക്കുകയാണ് ഉദ്ദേശമെന്നും ഗൗരവ് പരാതിയിൽ പറയുന്നു.

Content Highlights: husbands complaint against wife trying to kill him along with her male friends

To advertise here,contact us