'നിങ്ങൾ ഇലക്ഷൻ കമ്മീഷണറല്ല, മുസ്‌ലിം കമ്മീഷണർ'; മുൻ ഇലക്ഷൻ കമ്മീഷണർക്കെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി എംപി

സുപ്രീം കോടതിക്കെതിരെ വിവാദപരാമർശവുമായി ദുബെ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു

ന്യൂ ഡൽഹി: മുൻ ഇലക്ഷൻ കമ്മീഷണർ എസ് വൈ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. വഖഫ് നിയമത്തിലെ സുപ്രീംകോടതി ഇടപെടലിൽ അഭിപ്രായം രേഖപ്പെടുത്തിയ ഖുറേഷിയെ 'മുസ്‌ലിം കമ്മീഷണർ' എന്ന് ദുബെ വിളിക്കുകയായിരുന്നു.

പുതിയ വഖഫ് നിയമം മണ്ടത്തരമാണെന്നും, മുസ്‌ലിങ്ങളുടെ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കമാണെന്നുമായിരുന്നു ഖുറേഷി അഭിപ്രായപ്പെട്ടത്. സുപ്രീം കോടതി ഈ നിയമം റദ്ദാക്കും. പ്രൊപൊഗാണ്ട മെഷീനുകൾ അവരുടെ പണി കൃത്യമായി ചെയ്തുവെന്നും ഖുറേഷി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഖുറേഷി ഇലക്ഷൻ കമ്മീഷണറല്ല , മുസ്‌ലിം കമ്മീഷണറാണെന്ന അധിക്ഷേപവുമായി ദുബെ രംഗത്തുവന്നത്. ജാർഖണ്ഡിലെ വോട്ടർ പട്ടികയിൽ ബംഗ്ലാദേശികൾ തിരുകിക്കയറ്റിയത് ഖുറേഷിയുടെ കാലത്താണെന്നും ദുബെ ആരോപിച്ചു. തുടർന്ന് ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും മറ്റും ദുബെ അഭിപ്രായപ്പെട്ടു.

സുപ്രീം കോടതിക്കെതിരായി വിവാദപരാമർശങ്ങൾ നടത്തിയും ദുബെ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. സുപ്രീം കോടതികൾ എല്ലാ നിയമങ്ങളും ഉണ്ടാക്കുകയാണെങ്കിൽ, പാർലമെന്റ് അടച്ചുപൂട്ടിയേക്കാം എന്നായിരുന്നു ദുബെയുടെ വിമർശനം. ഗവർണർ, വഖഫ് വിഷയങ്ങളിലെ സുപ്രീം കോടതി ഇടപെടലുകൾക്കെതിരെയായിരുന്നു ദുബെയുടെ വിമർശനം. ദുബൈയുടെ പരാമർശത്തെ ബിജെപി നേതൃത്വം തള്ളിപ്പറയുകയും ചെയ്തിരുന്നു.

Content Highlights: Dube calls former CEC as Muslim Commissioner

To advertise here,contact us