ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തോട് അനുബന്ധിച്ച് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. ദുഃഖാചരണത്തിൻ്റെ ഭാഗമായി ചൊവ്വാഴ്ചയും ബുധനാഴ്ചയും ദേശീയ പതാക താഴ്ത്തി കെട്ടണമെന്ന് കേന്ദ്രം നിർദ്ദേശം നൽകി. ഇതോടനുബന്ധിച്ച് ഔദ്യോഗിക പരിപാടികളും മാറ്റിവയ്ക്കണമെന്നും കേന്ദ്ര അറിയിപ്പിലുണ്ട്. സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള പൊതുപരിപാടികൾ ഒഴിവാക്കിയേക്കുമെന്നാണ് നിഗമനം.
അതേ സമയം, ഇന്ത്യയെ കൂടാതെ മറ്റ് ലോക രാജ്യങ്ങളും മാർപാപ്പയുടെ നിര്യാണത്തോടനുബന്ധിച്ച് ദുഃഖാചരണം നടത്തും. ഇതോടനുബന്ധിച്ച് ഫ്രാൻസിലെ ഈഫൽ ടവറിലെ ലൈറ്റുകൾ അണച്ചു. ഇതുകൂടാതെ ഈഫർ ടവറിലെ പ്രത്യേക ലൈറ്റ് ഷോകളും ഉണ്ടായിരിക്കില്ലായെന്ന് അറിയിച്ചു. അമേരിക്കയിൽ വൈറ്റ് ഹൗസിൽ ഉൾപ്പെടെയുള്ള ദേശീയ പതാകകൾ ദു:ഖാചണത്തിൻ്റെ ഭാഗമായി പകുതി താഴ്ത്തിക്കെട്ടാൻ ട്രംപ് ഉത്തരവിട്ടു.അർജൻ്റീനയിൽ ഒരാഴ്ചത്തെ ദു:ഖാചരണവും സ്പെയിനിൽ മൂന്ന് ദിവസത്തെ ദു:ഖാചരണം സംഘടിപ്പിക്കും. മാർപാപ്പയെ അതിരുകളില്ലാത്ത കാരുണ്യത്തിൻ്റെ പ്രതീകമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വിശേഷിപ്പിച്ചു
ബ്രോങ്കൈറ്റിസ് ബാധയെ തുടര്ന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലിരിക്കെയാണ് ഫ്രാന്സിസ് മാര്പാപ്പയുടെ വിയോഗം. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാര്ച്ച് 23നായിരുന്നു ഫ്രാന്സിസ് മാര്പാപ്പ ആശുപത്രി വിട്ടത്. ഏറ്റവും ഒടുവില് ഈസ്റ്റര് ദിനത്തിലും മാര്പാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറില് വിശ്വാസികളെ കണ്ടിരുന്നു. ഗാസയില് ഉടന് തന്നെ വെടിനിര്ത്തല് പ്രഖ്യാപിക്കണമെന്ന് തന്റെ ഈസ്റ്റര് സന്ദേശത്തില് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകള് അനുഭവിക്കുന്നവര്ക്കൊപ്പമാണ് തന്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാന് എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ്പ് സന്ദേശത്തില് ആവശ്യപ്പെട്ടിരുന്നു.
Content Highlights- pope francis passes away two days of official mourning in the country