ഫ്രാന്‍സിസ് പാപ്പയുടെ വിയോഗം, സമാധാനത്തെ സ്‌നേഹിക്കുന്നവര്‍ക്ക് തീരാനഷ്ടം: വിജയ്

"അനേകായിരം മനുഷ്യര്‍ക്ക് പ്രചോദനമായ വ്യക്തിത്വമായിരുന്നു ഫ്രാന്‍സിസ് പാപ്പ"

ചെന്നൈ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടനും തമിഴക വെട്രികഴകം നേതാവുമായ വിജയ്. അനേകായിരങ്ങള്‍ക്ക് പ്രചോദനം നല്‍കിയ നേതാവാണ് വിടവാങ്ങിയിരിക്കുന്നത് എന്ന് വിജയ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. സമാധാനത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ഫ്രാന്‍സിസ് പാപ്പയുടെ വിയോഗം തീരാനഷ്ടമാണെന്നും വിജയ് കുറിപ്പില്‍ പറഞ്ഞു.

'കത്തോലിക്കാ സഭയുടെയും വത്തിക്കാന്‍ സിറ്റിയുടെയും തലവനായ ബഹുമാനപ്പെട്ട ഫ്രാന്‍സിസ് പാപ്പ വിടവാങ്ങി എന്ന ഏറെ ദുഖിപ്പിക്കുന്ന വാര്‍ത്തയാണ് നമ്മളെ തേടിയെത്തിയിരിക്കുന്നത്. അനേകായിരം മനുഷ്യര്‍ക്ക് പ്രചോദനമായ വ്യക്തിത്വമായിരുന്നു അദ്ദേഹം. സമാധാനത്തെ സ്‌നേഹിക്കുന്നവര്‍ക്ക് തീരാനഷ്ടമാണ് ഈ വിയോഗം. അദ്ദേഹത്തിന്റെ അനുയായികളുടെ ദുഖത്തില്‍ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ,' വിജയ് പറഞ്ഞു.

ലോകമെമ്പാടുമുള്ള സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവര്‍ മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പയുടെ വിവിധ പ്രവര്‍ത്തനങ്ങളും നിലപാടുകളും പുരോഗമനപരമായ ആശയങ്ങളുമെല്ലാം ഓര്‍ത്തെടുത്തുകൊണ്ടാണ് ലോകം അദ്ദേഹത്തെ അനുസ്മരിക്കുന്നത്.

ഏറ്റവുമൊടുവിലായി വിശ്വാസികളെ അഭിസംബോധന ചെയ്ത ഈസ്റ്റര്‍ ദിനത്തിലും, ഗാസയില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നായിരുന്നു മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നത്.പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പാപ്പ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് പാപ്പ. നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷം, അടുത്തിടെയായിരുന്നു അദ്ദേഹം തിരിച്ചെത്തിയത്.

രോഗത്തില്‍ സുഖം പ്രാപിച്ചു എന്ന് കരുതിയിരിക്കെയാണ് ഇന്ന് രാവിലെ 11 മണിയോടെ

ഫ്രാന്‍സിസ് പാപ്പ ലോകത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞത്.

ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2013 മാര്‍ച്ച് 19 ന് ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പ് ആയി സ്ഥാനമേറ്റത്. ജോര്‍ജ് മരിയോ

ബെര്‍ഗോളിയോ എന്നതാണ് യഥാര്‍ത്ഥ പേര്. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍

വിശുദ്ധ ഫ്രാന്‍സീസ് അസീസിയോടുള്ള ബഹുമാനാര്‍ത്ഥം 'ഫ്രാന്‍സിസ്' എന്ന പേര് സ്വീകരിക്കുകയായിരുന്നു.

Content Highlights: Vijay conveys condolences on Pope Francis's demise

To advertise here,contact us