'ഭീകരാക്രമണം ഹൃദയഭേദകം'; കേന്ദ്രം പൊള്ളയായ വാദങ്ങൾ ഉന്നയിക്കാതെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് രാഹുൽ ​ഗാന്ധി

ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണമാണെന്ന് പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനു പകരം ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു

കശ്മീർ: ജമ്മുകശ്മീരിലെ പഹൽ​ഗ്രാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ​ഗാന്ധി. ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകവും അപലപനീയവുമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. അതേ സമയം കേന്ദ്രത്തിനെതിരെയും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.

ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണമാണെന്ന് പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനു പകരം ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടാണെന്നും രാഹുൽ​ഗാന്ധി എക്സിൽ കുറിച്ചു. ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിച്ചു. താന്‍ ഉടനെ ജമ്മു കാശ്മീരിലേക്ക് പോകുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതിനകം ദി റെസിസ്റ്റൻ്റ് ഫ്രണ്ട് രംഗത്ത് വന്നു. രാജസ്ഥാനിൽനിന്നുള്ള വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്.

ആക്രമണത്തിൽ 27 പേർ മരിച്ചതായാണ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധിപ്പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. പ്രദേശത്ത് മലയാളികൾ കുടുങ്ങി കിടക്കുന്നതായും വിവരമുണ്ട്. മരിച്ചവരിൽ ഒരാൾ കർണാടക സ്വദേശിയാണ്. പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

content highlights : Rahul gandhi condemns Pahalgam terror attack

To advertise here,contact us