പഹൽഗാം ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ദി റെസിസ്റ്റൻ്റ് ഫ്രണ്ട്, 27 മരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ

വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് 'ദി റെസിസ്റ്റൻ്റ് ഫ്രണ്ട്'. രാജസ്ഥാനിൽനിന്നുള്ള വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ 27 പേർ മരിച്ചതായാണ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബൈസാരന്‍ കുന്നുകളിലേക്ക് ട്രക്കിംഗിന് പോയ വിനോദസഞ്ചാരികളാണിവർ. നിരവധിപ്പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് മലയാളികൾ കുടുങ്ങി കിടക്കുന്നതായും വിവരമുണ്ട്. മരിച്ചവരിൽ ഒരാൾ കർണാടക സ്വദേശിയാണ്. പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള ദൃഢനിശ്ചയം അചഞ്ചലമാണെന്നും അത് കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദി അറേബ്യയിലാണ് മോദി. ഭീകരാക്രമണത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ഭീകരാക്രമണം നടന്ന സ്ഥലം സന്ദർശിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് അമിത് ഷാ കശ്മീരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

അതേസമയം, ആക്രമണത്തെ അപലപിക്കുന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഭീകരതക്കെതിരെ രാജ്യം മുഴുവൻ ഒറ്റക്കെട്ടാണ്. കശ്മീരിലെ സ്ഥിതി സാധാരണമാണെന്ന പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിക്കരുതെന്നും സർക്കാർ കൃത്യമായ നടപടി സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

Content Highlights: The Resistance Front is behind the Attack On Tourists In J&K's Pahalgam

To advertise here,contact us