ഡല്ഹി: ജമ്മു കശ്മീരിലെ പഹല്ഗാമില് നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് കേന്ദ്രസര്ക്കാര് വിളിച്ച സര്വ്വകക്ഷിയോഗം ഇന്ന്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിവിധ രാഷ്ട്രീയ പാര്ട്ടികളുടെ നേതാക്കളുമായി ബന്ധപ്പെടുന്നുണ്ടെന്ന് കേന്ദ്രസര്ക്കാര് വൃത്തങ്ങള് അറിയിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില് മന്ത്രിസഭാ സുരക്ഷാസമിതിയുടെ യോഗം നടന്നിരുന്നു. സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കുക, പാക് പൗരന്മാര്ക്ക് നല്കിയ വിസ റദ്ദാക്കുക തുടങ്ങി പാകിസ്താനെതിരെ കര്ശന നടപടികള് സ്വീകരിക്കാന് മന്ത്രിസഭാ യോഗത്തില് തീരുമാനമായിരുന്നു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി ഭീകരാക്രമണം നടന്നതിനു പിന്നാലെ അമിത്ഷായുമായി സംസാരിക്കുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്സിപി ഉള്പ്പെടെയുളള പാര്ട്ടികള് സര്വ്വകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അടിയന്തര കോണ്ഗ്രസ് പ്രവര്ത്തക സമിതിയും ഇന്ന് ചേരും. വിദേശ യാത്ര റദ്ദാക്കി കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയും യോഗത്തിൽ പങ്കെടുക്കും.
അതേസമയം, പഹല്ഗാമില് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള് അതത് സംസ്ഥാനങ്ങളിലേക്ക് എത്തിച്ചു. ഇടപ്പളളി സ്വദേശി എന് രാമചന്ദ്രന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിച്ചു. 15 മിനിറ്റ് പൊതുദര്ശനത്തിനുശേഷം മൃതദേഹം റിനൈ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയി. വെളളിയാഴ്ച്ചയോടെയാണ് സംസ്കാരച്ചടങ്ങുകള് നടക്കുക. ഇടപ്പളളി ശ്മശാനത്തിലാകും രാമചന്ദ്രന്റെ സംസ്കാരം. ഭീകരാക്രമണത്തില് കൊല്ലപ്പെട്ട ആന്ധ്രപ്രദേശ് സ്വദേശി കെ എസ് ചന്ദ്രമൗലിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ചന്ദ്രമൗലിയുടെ കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി ഫോണില് സംസാരിച്ചു. രണ്ട് ആന്ധ്രാപ്രദേശ് സ്വദേശികളാണ് പഹല്ഗാമിലെ ഭീകരാക്രമണത്തില് കൊല്ലപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങള്ക്ക് 10 ലക്ഷം രൂപ ധനസഹായവും ആന്ധ്രാപ്രദേശ് സര്ക്കാര് പ്രഖ്യാപിച്ചു.
കേന്ദ്രമന്ത്രിസഭ അടിയന്തര യോഗം ചേര്ന്നതിനുപിന്നാലെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റിയാണ് വാര്ത്താസമ്മേളനത്തിലൂടെ പാകിസ്താനെതിരായ നടപടികള് പ്രഖ്യാപിച്ചത്. ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച വിദേശകാര്യ സെക്രട്ടറി പഹൽഗാം ആക്രമണത്തിൽ 26 പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പാകിസ്താൻ പൗരന്മാർക്കുള്ള വിസാ നടപടികൾ ഇന്ത്യ മരവിപ്പിച്ചു. വാഗ - അട്ടാരി അതിർത്തി അടിയന്തരമായി അടച്ചു. വാഗ-അട്ടാരി വഴി വന്ന പാക് പൗരന്മാർ മെയ് ഒന്നിനകം ഇന്ത്യ വിടണമെന്ന് നിർദേശിച്ചിട്ടുണ്ട്. സാർക് വിസ വഴി വന്നവർ 48 മണിക്കൂറിനകം ഇന്ത്യ വിടണം. പാക് പൗരന്മാർക്ക് ഇനി മുതൽ വിസ നൽകില്ല. നിലവിലെ വിസകളെല്ലാം റദ്ദാക്കും. പാക് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. പാക് ഹൈക്കമ്മീഷനിലെ അംഗസംഖ്യ മുപ്പതാക്കി കുറയ്ക്കാനും തീരുമാനമായി. മെയ് 1 മുതല് പുതിയ നടപടികൾ പ്രാബല്യത്തില് വരുമെന്നും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Content Highlights: central govt to hold all party meeting on pahalgam attack today