ജമ്മു കശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായി ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു

ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടിയത്

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. രണ്ട് ഭീകരർ ഈ മേഖലയിൽ ഉണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം രാവിലെ മുതൽ ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയായിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.

സംഭവ സ്ഥലത്ത് സംശയമുള്ള എല്ലായിടങ്ങളിലും സൈന്യം നിലവിൽ തിരച്ചിൽ നടത്തുകയും ചെയ്യുന്നുണ്ട്. അതേസമയം പാക് സർക്കാരിന്റെ എക്സ് അക്കൗണ്ടിന്‌ ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. കേന്ദ്ര സർക്കാരിന്റെ ആവശ്യം അനുസരിച്ച് എക്‌സിന്റേതാണ് നടപടി. ഗവണ്മെന്റ് ഓഫ് പാക്കിസ്ഥാൻ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകൾക്കും ഇന്ത്യയിൽ വിലക്കുണ്ട്. സിന്ധു നദീജല കരാർ മരവിപ്പിക്കാൻ തുടങ്ങി നിരവധി നടപടികൾ കൈകൊണ്ട ശേഷമാണ് എക്സ് അക്കൗണ്ടും കേന്ദ്രസർക്കാർ മരവിപ്പിച്ചത്.

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായി ബന്ധപ്പെടുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ സുരക്ഷാസമിതിയുടെ യോഗം നടന്നിരുന്നു. സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കുക, പാക് പൗരന്മാര്‍ക്ക് നല്‍കിയ വിസ റദ്ദാക്കുക തുടങ്ങി പാകിസ്താനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു.

Content Highlights:Encounter in Udhampur, Jammu and Kashmir; One soldier killed

To advertise here,contact us