'വഖഫ് ഭേദഗതി നിയമം ഇസ്ലാമിക തത്വങ്ങള്‍ക്ക് എതിര്'; ഭേദഗതി നിയമത്തിനെതിരെ കേരള വഖഫ് ബോര്‍ഡ്

സുപ്രീംകോടതിയില്‍ കേരള വഖഫ് ബോർഡ് എതിര്‍സത്യവാങ്മൂലം സമർപ്പിച്ചു

ന്യൂ ഡൽഹി: പുതിയ വഖഫ് ഭേദഗതി നിയമത്തെ അടിമുടി എതിർത്ത് കേരള വഖഫ് ബോര്‍ഡ്. നിയമം ഇസ്ലാമിക തത്വങ്ങള്‍ക്ക് എതിരെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കേരള വഖഫ് ബോര്‍ഡ് രംഗത്തുവന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ കേരള വഖഫ് ബോർഡ് എതിര്‍ സത്യവാങ്മൂലം സമർപ്പിച്ചു.

ഭേദഗതി വരുത്തിയ വകുപ്പുകളെല്ലാം മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാണ്. പഴയ നിയമത്തിലെ മുത്തവല്ലിയുടെ നിര്‍വ്വചനം പുനസ്ഥാപിക്കണം. 'അഞ്ച് വര്‍ഷത്തെ മതവിശ്വാസം' യുക്തിപരമല്ലെന്നും ഇസ്ലാമിക ആചാരങ്ങളുടെ അടിവേരറുക്കുന്നതാണ് ഭേദഗതി നിയമമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് നിയമ ഭേദഗതി ഗൂഡോദ്ദേശത്തോടെയാണെന്നും ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കിയ നടപടി റദ്ദാക്കണമെന്നും വഖഫ് ബോര്‍ഡ് ആവശ്യപ്പെടുന്നു.

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികൾ പരിഗണിച്ച സുപ്രീംകോടതി തല്‍സ്ഥിതി തുടരണമെന്ന ഇടക്കാല ഉത്തരവാണ് നൽകിയത്. കേന്ദ്രത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയവും അനുവദിച്ചിരുന്നു. വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട അഞ്ച് ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഉപയോഗം വഴി വഖഫ് ആയ വസ്തുക്കള്‍ ഡി നോട്ടിഫൈ ചെയ്യരുത്. വിശദവാദത്തിന് നോഡല്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കുമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു.

നിയമഭേദഗതി സ്റ്റേ ചെയ്താല്‍ അത് അപൂര്‍വ്വം നടപടിയായിരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമ്പോള്‍ ചരിത്രം കൂടി പരിശോധിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഗ്രാമങ്ങളിലെ ഭൂമിയെല്ലാം വഖഫ് ആക്കി മാറ്റുകയാണ്. ഇത്രയും പരുഷമായ നിലപാട് കോടതി സ്വീകരിക്കരുതെന്നും വിശദമായ മറുപടി നല്‍കാന്‍ ഒരാഴ്ചത്തെ സമയം വേണമെന്നുമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

തുടര്‍ന്ന് നിയമം പൂര്‍ണ്ണമായി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. നിയമത്തില്‍ അന്തിമ തീരുമാനമെടുക്കാനല്ല ഇപ്പോള്‍ വാദം കേള്‍ക്കുന്നത്. നിയമനിര്‍മ്മാണം മൂലം ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകരുത്. പുതിയ നിയമം അനുസരിച്ച് വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മണിക്കൂറുകൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് പാർലമെന്റിന്റെ ഇരുസഭകളും വഖഫ് ഭേദഗതി നിയമം പാസാക്കിയത്. ഉച്ചയോടെ ആരംഭിച്ച ചർച്ചകൾ അർധരാത്രി വരെയും നീണ്ടിരുന്നു.

Content Higfhlights: kerala waqf board against new waqf law

To advertise here,contact us