ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും പിടിച്ചെടുത്ത് ബിജെപി; മത്സരത്തില്‍ നിന്ന് വിട്ടുനിന്ന് ആപ്

ഇടവേളയ്ക്ക് ശേഷമാണ് ബിജെപി വീണ്ടും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിക്കാനെത്തുന്നത്.

ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണവും സ്വന്തമാക്കി ബിജെപി. ബിജെപിയുടെ രാജ ഇഖ്ബാല്‍ സിംഗ് പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മന്‍ദീപ് സിങിനെയാണ് പരാജയപ്പെടുത്തിയത്. ആംആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിജെപി വീണ്ടും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിക്കാനെത്തുന്നത്.

രാജ ഇഖ്ബാല്‍ സിംഗിന് 133 വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് എട്ട് വോട്ടുകളാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. കോണ്‍ഗ്രസ് നേതാവ് ആരിബ ആസിഫ് ഖാന്‍ നാമനിര്‍ദ്ദേശം പിന്‍വലിച്ചതോടെ ബിജെപിയുടെ ജയ് ഭഗവാന്‍ യാദവ് ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു.

250 അംഗ കോര്‍പ്പറേഷനില്‍ 12 അംഗങ്ങളുടെ ഒഴിവ് നികത്താനുണ്ട്. ശേഷിക്കുന്ന 238 അംഗങ്ങളില്‍ ബിജെപിക്ക് 117 കൗണ്‍സിലര്‍മാരുള്ളപ്പോള്‍ എഎപിക്ക് 113 പേരുടെ പിന്തുണയാണുള്ളത്. കോണ്‍ഗ്രസിന് എട്ട് കൗണ്‍സിലര്‍മാരും.

Content Highlights: BJP also captured the Delhi Municipal Corporation

To advertise here,contact us