ജമ്മു കശ്മീരിലെ ബന്ദിപ്പോറയിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; മേഖല സുരക്ഷ സേന വളഞ്ഞു

തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്നാണ് സുരക്ഷാ സേന സ്ഥലത്ത് തിരച്ചിൽ നടത്തിയത്

ബന്ദിപ്പോറ: ജമ്മു കശ്മീരിലെ ബന്ദിപ്പോറയിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ജില്ലയിലെ കുൽനാർ ബാസിപ്പോര പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്നാണ് സുരക്ഷാ സേന സ്ഥലത്ത് തിരച്ചിൽ നടത്തിയത്. സ്ഥലത്ത് തമ്പടിച്ചിരുന്നഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തതിനെ തുടർന്ന് തെരച്ചിൽ ഏറ്റുമുട്ടലായി മാറുകയായിരുന്നു.

സംഭവത്തിൽ ഇതുവരെ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ കശ്മീരിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാനും തീരുമാനമായിട്ടുണ്ട്. കശ്മീരിലെ സ്ഥിതി​ഗതികൾ വിലയിരുത്തുന്നതിനും മറ്റുമായി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗവും ചേരും.

അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പിർ പഞ്ചാൽ മേഖലയിലും ഭീകരർക്കായി തിരച്ചിൽ പുരോ​ഗമിക്കുകയാണ്. അതിനായി അനന്ത്നാഗ് അഡിഷണൽ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തേയും ജമ്മുകശ്മീ‍ർ പൊലീസ് നിയോ​ഗിച്ചിട്ടുണ്ട്. എൻഐഎയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ഭീകരാക്രമണം നടന്ന ബൈസരൺവാലിയിൽ നിന്ന് ഫൊറൻസിക് തെളിവുകളും ശേഖരിച്ചിട്ടുണ്ട്.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിലും സുരക്ഷാസേനയും ഭീകരരും തമ്മിൽ കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. അതിൽ ഒരു ജവാൻ വിരമൃത്യു വരിച്ചിരുന്നു. രണ്ട് ഭീകരർ ഈ മേഖലയിൽ തുടരുന്നുണ്ട് എന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സൈന്യം തിരച്ചിൽ നടത്തുകയും തുടർന്ന് ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടാവുകയും ചെയ്തത്.

Content Highlights: Encounter breaks out in Jammu and Kashmir's Bandipora

To advertise here,contact us