പെഹല്‍ഗാം മേഖലയില്‍ യുദ്ധവിമാനങ്ങള്‍; യുദ്ധസമാന സാഹചര്യം

ഇന്ത്യ ശക്തമായ തിരിച്ചടിക്കുന്ന നടപടികള്‍ തുടങ്ങിക്കഴിഞ്ഞു

ശ്രീനഗര്‍: പെഹല്‍ഗാം മേഖലയില്‍ യുദ്ധവിമാനങ്ങള്‍. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പെഹല്‍ഗാം പ്രദേശത്ത് വട്ടമിട്ട് പറക്കുന്നു. യുദ്ധസമാനമായ സാഹചര്യമാണ് പഹല്‍ഗാമിലും സമീപപ്രദേശങ്ങളിലുമുളളത്. ഭീകരാക്രമണമുണ്ടായ പെഹല്‍ഗാമില്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ത്യ ശക്തമായ തിരിച്ചടിക്കുളള നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ അല്‍ത്താഫ് ലല്ലിയുടെ കൊലപാതകത്തെ അതിന്റെ ആദ്യ പടിയായി കാണാം. ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ലല്ലിയെ വധിച്ചത്.

കശ്മീരില്‍ പലയിടത്തും ഭീകരരുമായി ഏറ്റുമുട്ടല്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കരസേനാ മേധാവിയും ജമ്മു കശ്മീരിലുണ്ട്. ബന്ദിപ്പോറയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് അല്‍ത്താഫ് ലല്ലിയെ വധിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. കുല്‍നാര്‍ ബാസിപ്പോര പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തിരച്ചില്‍ നടത്തിയത്. സ്ഥലത്ത് തമ്പടിച്ചിരുന്ന ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ വെടിയുതിര്‍ത്തതോടെ ഏറ്റുമുട്ടലായി മാറുകയായിരുന്നു.

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ പ്രദേശവാസികളായ രണ്ട് ഭീകരരുടെ വീടുകള്‍ പ്രാദേശിക ഭരണകൂടം തകര്‍ത്തിരുന്നു. ഇന്നലെ രാത്രിയാണ് ആദില്‍ ഹുസൈന്‍ തോക്കര്‍, ആസിഫ് ഷെയ്ക്ക് എന്നിവരുടെ വീടുകള്‍ തകര്‍ത്തത്. ആദില്‍ അനന്ത്‌നാഗ് സ്വദേശിയും ആസിഫ് പുല്‍വാമ സ്വദേശിയുമാണ്. തകര്‍ത്ത വീടുകളില്‍ സ്‌ഫോടക വസ്തുക്കളും ഉണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlights: Fighter jets in Pahalgam region: War-like situation

To advertise here,contact us