ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇന്ത്യയുടെ മതവും അതിന്റെ മൂല്യങ്ങളുടെ പ്രധാന ഭാഗവുമാണ് അഹിംസയെന്നും അതുപോലെ തന്നെ അടിച്ചമര്ത്തുന്നവരെയും ഗുണ്ടകളെയും ഒരു പാഠം പഠിപ്പിക്കലും അതിന്റെ ഭാഗമാണെന്ന് ഓര്ക്കണമെന്നും മോഹന് ഭാഗവത് പറഞ്ഞു. ന്യൂഡൽഹിയിൽ 'ഹിന്ദു മാനിഫെസ്റ്റോ' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മള് ഒരിക്കലും നമ്മുടെ അയല്ക്കാരെ ഉപദ്രവിക്കുകയോ അനാദരിക്കുകയോ ചെയ്യില്ല. എന്നാല് ആരെങ്കിലും തിന്മ ചെയ്യാന് തന്നെ ഇറങ്ങിത്തിരിച്ചാല് എന്താണ് പ്രതിവിധിയെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളെ സംരക്ഷിക്കുക എന്നത് രാജാവിന്റെ കടമയാണ്. അദ്ദേഹം ആ കടമ നിര്വഹിക്കും. ഗീത അഹിംസ പഠിപ്പിക്കുന്നു, അഹിംസയുടെ വഴിയിലൂടെ നിലയ്ക്ക് നിര്ത്താന് സാധിക്കാത്തവരെയാണ് അര്ജുനന് നേരിടേണ്ടി വന്നതെന്നും ആർഎസ്എസ് മേധാവി കൂട്ടിച്ചേർത്തു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി ശക്തമായി അപലപിച്ചു. ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും ഇതിന് സഹായം നൽകിയവരെയും ആസൂത്രണം ചെയ്തവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും 15 അംഗ രക്ഷാസമിതി ആവശ്യപ്പെട്ടു.
Content Highlights: Mohan Bhagwat After J&K Attack