പഹൽഗാം ഭീകരാക്രമണം; ഇന്ത്യക്ക് പിന്തുണ അറിയിച്ച് യുഎഇ

യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അബുദാബി : പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് യുഎഇ. ഭീകരവാദത്തെ ശക്തമായി അപലപിക്കുന്നുവെന്ന് യുഎഇ അറിയിച്ചു. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭീകരവാദത്തെ എങ്ങനെയും തടയണമെന്ന് യുഎഇ അറിയിച്ചു. ഹീനമായ കുറ്റകൃത്യം ചെയ്തവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരണം എന്നും യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറിയിച്ചു. അതേ സമയം ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ആദ്യമായി പ്രതികരിച്ചു. നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയാറാണെന്ന് അദ്ദേഹം പറഞ്ഞു.

അബോട്ടാബാദിലെ സൈനിക അക്കാദമിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രതികരണം."പഹൽഗാമിൽ അടുത്തിടെയുണ്ടായ ദുരന്തത്തിൻറെ പേരിൽ വീണ്ടും പാകിസ്താനെ കുറ്റപ്പെടുത്തുകയാണ്. ഇത് അവസാനിപ്പിക്കണം. ഉത്തരവാദിത്തമുള്ള രാജ്യമെന്ന നിലയിൽ നിഷ്പക്ഷവും സുതാര്യവും വിശ്വസനീയവുമായ ഏത് അന്വേഷണത്തോടും സഹകരിക്കാൻ പാകിസ്താൻ തയാറാണ്." രാജ്യത്തിന്റെ പരമാധികാരവും സമഗ്രതയും സംരക്ഷിക്കാൻ പാകിസ്താൻ സൈന്യം പൂർണമായും പ്രാപ്തരാണെന്ന് പറഞ്ഞ ഷഹബാസ് ഷരീഫ് കശ്മീരി ജനതയുടെ സ്വയം നിർണ്ണയാവകാശത്തെ പിന്തുണയ്ക്കുന്നത് പാകിസ്താൻ തുടരുമെന്നും കൂട്ടിച്ചേർത്തു.

സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ തീരുമാനത്തിലും പാക് പ്രധാനമന്ത്രി പ്രതികരിച്ചു. പാകിസ്താന് അവകാശപ്പെട്ട ജലം തടയാൻ ശ്രമിച്ചാൽ പൂർണ ശക്തിയോടെ മറുപടി നൽകും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിന്ധു നദി പാകിസ്താന്റെ ജീവനാഡിയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഭീകരരുടെ വീടുകൾ തകർക്കുന്ന നടപടിയുമായി സൈന്യം മുന്നോട്ടുപോവുകയാണ്. പുൽവാമ ജില്ലയിലെ മുറാനിൽ അഹ്‌സാനുൾ ഹക്ക് എന്ന ഭീകരവാദിയുടെ വീട് സൈന്യം തകർത്തിരുന്നു. കുടുംബത്തിന് അഹ്‌സാനുമായി രണ്ടുവർഷമായി ഒരു ബന്ധവുമുണ്ടായിരുന്നില്ലെന്നും ഇയാൾ വീട്ടിലേക്ക് വന്നിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു.

പഹൽഗാമിലെ ഭീകര ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്.

content highlights : Pahalgam terror attack; UAE supports India

To advertise here,contact us