'സൂത്രധാരൻ പാകിസ്താൻ തന്നെ'; ലോകനേതാക്കൾക്ക് മുന്നിൽ തെളിവുകൾ നിരത്തി ഇന്ത്യ

ഇന്റലിജൻസ് തെളിവുകൾ ഉൾപ്പെടെയുള്ളവയാണ് ഇന്ത്യ ശേഖരിച്ചിട്ടുള്ളത്

ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ പാകിസ്താൻ തന്നെയെന്നതിന് തെളിവുകൾ ശേഖരിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകനേതാക്കളുമായി ഇക്കാര്യം നേരിട്ട് പങ്കുവെക്കുകയും കാര്യങ്ങൾ ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.

ഇന്റലിജൻസ് തെളിവുകളും വിശ്വസനീയമായ ചില തെളിവുകളും ഉൾപ്പെടെയുള്ളവയാണ് ഇന്ത്യ ശേഖരിച്ചിട്ടുള്ളത്. ആക്രമണം നടത്തിയ ഭീകരരെ കണ്ടാൽ അറിയാവുന്നവരുടെയടക്കം മൊഴികൾ ഇന്ത്യ ശേഖരിച്ചിട്ടുണ്ട്. ഭീകരരും അവരുടെ സംഘടനയുടെയും 'ഇലക്ട്രോണിക്ക് ഒപ്പ്' അടക്കമുള്ളവ പാകിസ്താനിലും സ്ഥിരം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഭീകരർ പരിശീലനം നേടിയത് പാകിസ്താനിലാണെന്നും, അവർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ആക്രമണം നടത്തുകയായിരുന്നു എന്നതിനുള്ള തെളിവുകളും ഇന്ത്യ ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യം പ്രധാന രാജ്യങ്ങളുടെ പ്രതിനിധികളെയെല്ലാം ഇന്ത്യ ബോധ്യപ്പെടുത്തി.

ഇതിനിടെ, സിന്ധു നദീ ജല കരാർ മരവിപ്പിച്ചതിൽ പാകിസ്താൻ ഇന്ത്യക്ക് ഭീഷണിയുമായി രംഗത്തുവന്നു. വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്നും ആണവായുധം കയ്യിലുളള രാജ്യമാണ് പാകിസ്‌താനെന്ന് ഇന്ത്യ മറക്കരുതെന്നും പാക് പ്രതിരോധമന്ത്രി ഖവാജ അസീഫയുടെ മുന്നറിയിപ്പ്. പഹല്‍ഗാം ആക്രമണത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും അന്താരാഷ്ട്ര തലത്തിലുളള ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും പാക് പ്രതിരോധമന്ത്രി പറഞ്ഞു.

അതേസമയം, പഹൽ​ഗാം ഭീകരാക്രമണവുമായി ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും ഭീകരരുടെ വീടുകൾ സുരക്ഷ സേന തകർത്തു. ജെയ്‌ഷ് ഇ മൊഹമ്മദ് ഭീകരൻ അഹ്സാൻ ഉൽ ഹക്ക്, ലഷ്കർ ഇ ത്വയ്ബ ഭീകരൻ ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് സുരക്ഷ സേന തകർത്തത്. അഹ്‌സാൻ ഉൽ ഹക്ക് ജെയ്ഷെ മുഹമ്മദിന്റെ പുൽവാമയിലെ മുറാനിലെ വീടും, ഹാരിസ് അഹമ്മദിൻ്റെ പുൽവാമയിലെ കച്ചിപോറയിലെ വീടുമാണ് സുരക്ഷാ സേന തകർത്തത്.

ഇരുവർക്കും പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുള്ളതായി സുരക്ഷ സേന കണ്ടെത്തിയതിനെ തുടർന്നാണ് വീടുകൾ തകർത്തത്. കഴിഞ്ഞ ദിവസം പഹൽ​ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത കശ്മീരികളായ രണ്ട് ലഷ്കർ ഇ ത്വയ്ബ ഭീകരരുടെ വീടുകള്‍ പ്രാദേശിക ഭരണകൂടം തകർത്തിരുന്നു. തദ്ദേശീയരായ ആസിഫ് ഷെയ്ഖ്, ആദില്‍ ഹുസൈന്‍ തോക്കര്‍ എന്നിവരുടെ വീടുകൾ സ്ഫോടനത്തിലൂടെയാണ് പ്രാദേശിക ഭരണകൂടം തകർത്തത്.

Content Highlights: pak behind pahalgam terror attack, india collects evidence

To advertise here,contact us