'ഞങ്ങളും ഹിന്ദുസ്ഥാനികളാണ്, ഞങ്ങളുടെ ആത്മാര്‍ത്ഥതയെ ചോദ്യംചെയ്യരുത്'; കശ്മീര്‍ ജനത റിപ്പോർട്ടറിനോട്

തീവ്രവാദികള്‍ക്കെതിരെ രാജ്യം എന്ത് നടപടിയെടുത്താലും ഞങ്ങള്‍ കൂടെ നില്‍ക്കുമെന്നും വിനോദസഞ്ചാരികള്‍ തങ്ങളുടെ സഹോദരങ്ങളാണെന്നും കശ്മീരികള്‍ പറയുന്നു

ഡല്‍ഹി: പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ നടുക്കം വിട്ടുമാറാതെ കശ്മീര്‍ ജനത. 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തെ അപലപിക്കുന്ന കശ്മീരികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടവരെ വധിക്കണമെന്ന അഭിപ്രായമുളളവരാണ്. 'ഞങ്ങളും ഹിന്ദുസ്ഥാനികളാണ്. ഭീകരാക്രമണത്തിന്റെ പേരില്‍ ഞങ്ങളെ ടാര്‍ഗെറ്റ് ചെയ്യരുത്' എന്നാണ് കശ്മീര്‍ ജനത പറയുന്നത്. വിനോദസഞ്ചാരികള്‍ തങ്ങളുടെ സഹോദരങ്ങളാണെന്നും അവരാണ് തങ്ങളുടെ ജീവിതമെന്നും അവര്‍ പറയുന്നു.

'ഞങ്ങളെല്ലാവരും ഇന്ത്യക്കാരാണ്. ഞങ്ങള്‍ ഹിന്ദുസ്ഥാനികളാണ്. ഹിന്ദുസ്ഥാനിയായി തന്നെ ജീവിക്കുകയും മരിക്കുകയും ചെയ്യും. തീവ്രവാദികള്‍ തീവ്രവാദികള്‍ തന്നെയാണ്. അവര്‍ക്കെതിരെ രാജ്യം എന്ത് നടപടിയെടുത്താലും ഞങ്ങള്‍ കൂടെ നില്‍ക്കും. എന്നാല്‍ ഞങ്ങള്‍ കശ്മീരികളെ ടാര്‍ഗെറ്റ് ചെയ്യരുത്. അവര്‍ ഈ ആക്രമണം നടത്തിയത് കശ്മീരികളുടെ മേല്‍ കൂടിയാണ്. ആരെങ്കിലും സ്വന്തം ജീവിതോപാധി ഇല്ലാതാക്കാന്‍ ശ്രമിക്കുമോ? വിനോദസഞ്ചാരികള്‍ ഞങ്ങളുടെ സഹോദരങ്ങളാണ്. അവരാണ് ഞങ്ങളുടെ ജീവിതവും. കശ്മീരികളെ ടാര്‍ഗെറ്റ് ചെയ്യരുതെന്ന അഭ്യര്‍ത്ഥന മാത്രമാണ് ഞങ്ങള്‍ക്കുളളത്'-കശ്മീരിലെ യുവാക്കള്‍ പറയുന്നു.

അതേസമയം ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്ന നടപടിയുമായി സൈന്യം മുന്നോട്ടുപോവുകയാണ്. പുല്‍വാമ ജില്ലയിലെ മുറാനില്‍ അഹ്‌സാനുള്‍ ഹക്ക് എന്ന ഭീകരവാദിയുടെ വീട് സൈന്യം തകര്‍ത്തിരുന്നു. കുടുംബത്തിന് അഹ്‌സാനുമായി രണ്ടുവര്‍ഷമായി ഒരു ബന്ധവുമുണ്ടായിരുന്നില്ലെന്നും ഇയാള്‍ വീട്ടിലേക്ക് വന്നിട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. തങ്ങളുടെ ആത്മാര്‍ത്ഥതയെ ചോദ്യംചെയ്യരുത് എന്നാണ് കശ്മീരികള്‍ പറയുന്നത്. ഹിന്ദുക്കളും മുസ്ലീങ്ങളുമെല്ലാം ഒന്നാണ്. ആ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന തീവ്രവാദികള്‍ വന്നാല്‍ അവരെ വധിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് കശ്മീരികളുടെ അഭിപ്രായം. ഭീകരവാദികളുടെ ബന്ധുക്കളെ പലരെയും ജമ്മു കശ്മീര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതില്‍ അഹ്‌സാന്റെ സഹോദരനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Content Highlights: We are also Hindustanis, don't question our sincerity; don't spare terrorists, says kashmiris

To advertise here,contact us