കേരളം മാവോയിസ്റ്റ് മുക്തമെന്ന് ആഭ്യന്തര മന്ത്രാലയം; വയനാട് ഉൾപ്പടെയുള്ള ജില്ലകളെ പട്ടികയിൽ നിന്ന് ഒഴിവാക്കി

പശ്ചിമഘട്ട മലനിരകളിൽ നിരീക്ഷണം തുടരുമെന്ന് പൊലീസ്

തിരുവനന്തപുരം: കേരളം മാവോയിസ്റ്റ് മുക്തമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. അതിനാൽ മാവോയിസ്റ്റ് ബാധിത മേഖലകളുടെ പട്ടികയിൽ നിന്നും കേരളത്തെ ഒഴിവാക്കി. വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകളെയാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയത്. മാവോയിസ്റ്റ് പ്രതിരോധത്തിന് ഇനി കേന്ദ്രത്തിൽ നിന്ന് സഹായം ലഭിക്കില്ല.

എന്നാൽ പശ്ചിമഘട്ട മലനിരകളിൽ നിരീക്ഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു. മാവോയിസ്റ്റ് വിരുദ്ധ സേനയായിരിക്കും ഇവിടങ്ങളിൽ നിരീക്ഷണം തുടരുക. രക്ഷപ്പെട്ട മാവോയിസ്റ്റുകൾ തിരിച്ചെത്തുമോ എന്ന് നിരീക്ഷിക്കുന്നതിന് വേണ്ടി ആയിരിക്കും മാവോയിസ്റ്റ് വിരുദ്ധ സേന ഇവിടെ നിലകൊള്ളുന്നത്.

സംസ്ഥാനത്ത് ഇതുവരെ ഒൻപത് മാവോയിസ്റ്റുകളാണ് പൊലീസ് നടപടിയിൽ കൊല്ലപ്പെട്ടതെന്നാണ് കണക്ക്. 735 കേസുകൾ ആണ് കേരളത്തിൽ മാവോയിസ്റ്റുകൾക്ക് എതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിൽ കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ മാത്രം 425 കേസുകൾ ആണ് ഉള്ളത്. നിലവിൽ എൻഐഎ അന്വേഷിക്കുന്നത് അഞ്ച് കേസുകളാണ്.

Content Highlights: Kerala is Maoist-free Home Ministry Reports

To advertise here,contact us