ന്യൂഡല്ഹി: 'എന്നെ ഇവിടെ ജീവിക്കാന് അനുവദിക്കണം. എനിക്ക് രണ്ട് വലിയ മക്കളുണ്ട്..പേരക്കുട്ടികളുണ്ട്. ഇവിടെ ഒരു ഇന്ത്യക്കാരിയായി ജീവിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. സര്ക്കാരിനും നിങ്ങള്ക്കെല്ലാവര്ക്കും മുന്നില് കൈകൂപ്പി ഞാന് യാചിക്കുകയാണ്.' കഴിഞ്ഞ 35 വര്ഷമായി ഇന്ത്യയില് താമസിക്കുന്ന പാകിസ്താന് പൗര ശാരദ ബായ് പറയുന്നു. പഹല്ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് പാക് പൗരന്മാര് രാജ്യം വിടണമെന്ന് കേന്ദ്ര നിര്ദേശം വന്നതിന് പിന്നാലെ ശാരദാ ബായിയോടും എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് ഒഡീഷ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.
ശാരദാ ബായിയുടെ വിസ റദ്ദാക്കിയെന്നും എത്രയും പെട്ടെന്ന് പാകിസ്താനിലേക്ക് പോകണമെന്നുമായിരുന്നു നിര്ദേശം. ഉത്തരവ് പാലിച്ചില്ലെങ്കില് നിയമപരമായ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും അവര് നല്കി.ബൊലന്ഗിറിലെ ഹിന്ദു കുടുംബത്തിലെ മരുമകളാണ് ശാരദാബായ്. മഹേഷ് കുക്രെജയാണ് ഭര്ത്താവ്. ദമ്പതികളുടെ മകളും മകനും ഇന്ത്യന് പൗരരാണ്. എല്ലാ രേഖകളും ഉണ്ടായിട്ടും ശാരദാ ബായിക്ക് ഇന്ത്യന് പൗരത്വം അനുവദിച്ചില്ല. ഉത്തരവ് കര്ശനമായി നടപ്പാക്കിയതോടെ തന്നെ കുടുംബത്തില് നിന്ന് പിരിക്കരുത് എന്നാവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ് ശാരദാ ബായ്.
'ഞാന് ആദ്യം കൊരപുടില് ആയിരുന്നു. അവിടെ നിന്നാണ് ബൊലന്ഗിറില് എത്തിയത്. എനിക്ക് പാകിസ്താനില് ആരുമില്ല. എന്റെ പാസ്പോര്ട്ട് പോലും വളരെ പഴയതാണ്. കൈകൂപ്പി സര്ക്കാരിനോട് ഞാന് അപേക്ഷിക്കുകയാണ് എന്നെ ഇവിടെ കഴിയാന് അനുവദിക്കണം.' അവര് പറയുന്നു.
Content Highlights: "No One There": Pak Woman Living In India For 35 Years Told To Go Back