റഫാല്‍ കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യയും ഫ്രാന്‍സും; ഒപ്പിട്ടത് 63,000 കോടി രൂപയുടെ കരാര്‍

ഫ്രാന്‍സുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്

ഡല്‍ഹി: റഫാല്‍ കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യയും ഫ്രാന്‍സും. നാവിക സേനയ്ക്ക് 26 റഫാല്‍ മറൈന്‍ പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പിട്ടത്. 63,000 കോടി രൂപയുടെ കരാറാണ് ഒപ്പിട്ടത്. ഫ്രാന്‍സുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്.

ഇന്ത്യന്‍ നാവികസേനയ്ക്കായി 26 റാഫേല്‍-എം വിമാനങ്ങള്‍ വാങ്ങുന്നതിന് 2025 ഏപ്രില്‍ 9ന് സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. 22 സിംഗിള്‍ സീറ്റര്‍, നാല് ട്വിന്‍ സീറ്റര്‍ ജെറ്റുകള്‍ എന്നിവ വാങ്ങാനാണ് അനുമതി നല്‍കിയത്. ഫ്‌ലീറ്റ് അറ്റകുറ്റപ്പണി, ലോജിസ്റ്റിക്കല്‍ പിന്തുണ, വ്യക്തിപരമായ പരിശീലനം, തദ്ദേശീയ ഘടകങ്ങളുടെ നിര്‍മ്മാണം എന്നിവയ്ക്കുള്ള സമഗ്രമായ സ്യൂട്ടും കരാറിന്റെ ഭാഗമാണ്.

ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലുകളായ ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍എസ് വിക്രമാദിത്യ എന്നിവയുടെ ഭാഗമായിട്ടാവും നൂതന റാഫേല്‍-എം യുദ്ധവിമാനങ്ങള്‍ എത്തിച്ചേരുക. ഇതോടെ ഇന്ത്യന്‍ നാവിക സേനയുടെ കരുത്ത് വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള ഭീഷണികളെ ചെറുക്കാനുള്ള നാവിക സേനയുടെ കരുത്ത് ഇതിലൂടെ വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റഫാല്‍-എം ആ ശ്രേണിയിലെ ഏറ്റവും ശേഷിയുള്ള യുദ്ധ വിമാനങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. നിലവില്‍ ഫ്രഞ്ച് നാവികസേന മാത്രമാണ് റഫാല്‍-എം ഉപയോഗിക്കുന്നത്. കരാര്‍ ഒപ്പിട്ട് ഏകദേശം നാല് വര്‍ഷത്തിന് ശേഷം റഫാല്‍-എം ജെറ്റുകള്‍ ഇന്ത്യയ്ക്ക് വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2029 അവസാനത്തോടെ ഇന്ത്യന്‍ നാവികസേനയ്ക്ക് വിമാനങ്ങള്‍ ലഭിച്ചുതുടങ്ങുമെന്നും 2031 ഓടെ മുഴുവന്‍ കരാര്‍ പ്രകാരമുള്ള മുഴുവന്‍ വിമാനങ്ങളുടെയും വിതരണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Content Highlights: India and France signed Rafale deal

To advertise here,contact us