മോട്ടോര് വാഹനവകുപ്പിന്റെ എം-പരിവാഹന് ആപ്പിന്റെ പേരില് തട്ടിപ്പ്. വ്യജ സന്ദേശത്തിലെ ലിങ്കില് ക്ലിക്ക് ചെയ്ത കൊച്ചി കാക്കനാട് സ്വദേശിക്ക് നഷ്ടമായത് 96,000 രൂപയാണ്. പട്ടികജാതി വകുപ്പില് നിന്ന് വിരമിച്ച കാക്കനാട് എന്ജിഒ ക്വാര്ട്ടേഴ്സ് സ്വദേശി അന്വറിനാണ് പണം നഷ്ടമായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് അന്വറിന് സന്ദേശം ലഭിച്ചത്. നിയമം ലംഘിച്ചതിന് കാറിന് പിഴ ചുമത്തിയതിന്റെ ചെലാന് എന്നായിരുന്നു സന്ദേശത്തില് പറഞ്ഞിരുന്നത്. വാട്സ്ആപ്പിലാണ് സന്ദേശം ലഭിച്ചത്. പരിവാഹന് ലോഗോയും പേരും സന്ദേശത്തിലുണ്ടായിരുന്നു.
കൂടുതല് വിവരങ്ങളറിയാന് അന്വര് സന്ദേശത്തിലെ ലിങ്കില് ക്ലിക്ക് ചെയ്തു. പിന്നാലെ മൂന്ന് തവണയായി അക്കൗണ്ടില് നിന്ന് 98,000 രൂപ നഷ്ടപ്പെടുകയായിരുന്നു. പണം പിന്വലിച്ചതായുള്ള സന്ദേശം വന്നതോടെയാണ് തട്ടിപ്പിനിരയായ വിവരം അന്വര് മനസിലാക്കുന്നത്. ഉടന് തന്നെ കാക്കനാട് സൈബര് പൊലീസില് പരാതി നല്കുകയും ചെയ്തു.
ഇത്തരത്തില് നിരവധി പേര് തട്ടിപ്പിനിരയാകുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര് മുന്നറിയിപ്പ് നല്കുന്നുണ്ട്. ഇക്കഴിഞ്ഞ തിങ്കള്, ചൊവ്വ ദിവസങ്ങളില് മാത്രം കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളില് ഇരുപതോളം പേര് തട്ടിപ്പിനിരയായെന്നാണ് വിവരം.
ഇ-ചെലാന് എന്ന വ്യാജേന ലഭിക്കുന്ന സന്ദേശങ്ങളിലൂടെയാണ് തട്ടിപ്പുകള് നടക്കുന്നത്. പിഴത്തുക അടയ്ക്കാന് പരിവാഹന് ആപിന്റെ എപികെ ഫയല് ഡൗണ് ചെയ്യാന് കാണിച്ചാകും ലിങ്ക് നല്കിയിരിക്കുക. എന്നാല് എം-പരിവാഹന് സൈറ്റിന് ഇത്തരത്തില് ഒരു എപികെ ഫയല് ഇല്ലെന്നും പ്ലേ സ്റ്റോര്, ആപ് സ്റ്റോര് എന്നിവ വഴി മാത്രമേ പരിവാഹന് ആപ് ഇന്സ്റ്റാള് ചെയ്യാനാകൂ എന്നും അധികൃതര് വ്യക്തമാക്കി. സന്ദേശത്തിലെ ചെലാന് നമ്പര് ഉപയോഗിച്ചും തട്ടിപ്പ് മനസിലാക്കാവുന്നതാണ്. തട്ടിപ്പ് സന്ദേശത്തിലെ ചെലാന് 14 അക്കം മാത്രമാകും ഉണ്ടാകുക. എന്നാല് യഥാര്ത്ഥ ചെലാന് നമ്പര് 19 അക്കമുള്ളവയാകും.
Content Highlights: Fraud in the name of Motor Vehicles Department's mParivahan app