ടോള്പ്ലാസകളിലെ ഫാസ്റ്റ്ടാഗ് സംവിധാനത്തില് മെയ് ഒന്ന് മുതല് മാറ്റം വരുന്നുവെന്ന വാര്ത്തകളില് വിശദീകരണവുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്. നിലവിലെ ഫാസ്റ്റ്ടാഗ് സംവിധാനത്തിന് പകരം ജിപിഎസ് അധിഷ്ടിതമായ ടോളിങ് സംവിധാനം വരുന്നുവെന്നായിരുന്നു റിപ്പോര്ട്ടുകള്. ഇത് നിഷേധിച്ചാണ് കേന്ദ്രം രംഗത്തെത്തിയത്. രാജ്യവ്യാപകമായി ഉപഗ്രഹാധിഷ്ഠിതമായ ടോളിങ് നടപ്പിലാക്കാന് തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. പകരം ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുത്ത ടോള് പ്ലാസകളില് ANPR-FASTag അധിഷ്ഠിത ബാരിയര്-ലെസ് ടോളിങ് സിസ്റ്റം നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനം.
15 ദിവസത്തിനകം രാജ്യത്ത് പുതിയ ടോള് നയം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന് ഗഡ്കരി പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിലായിരുന്നു തെറ്റായ വാര്ത്തകള് പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് വിഷയത്തില് വിശദീകരണവുമായി ദേശീയപാത അധികൃതര് രംഗത്തെത്തിയത്.
എന്താണ് ANPR-FASTag-അധിഷ്ഠിത ബാരിയര്-ലെസ് ടോളിംഗ് സിസ്റ്റം?
തിരക്കുകള് കുറച്ച്, ടോള് പ്ലാസകളില് സുഗമവും വേഗതയേറിയതുമായ പ്രവര്ത്തനം ലക്ഷ്യമിടുന്നതാണ് പുതിയ സംവിധാനം. നിലവിലെ റേഡിയോ ഫ്രീക്വന്സി ഐഡന്റിഫിക്കേഷന് സംവിധാനത്തോടെയുള്ള ഫാസ്റ്റ്ടാഗിനൊപ്പം ഓട്ടോമാറ്റിക് നമ്പര് പ്ലേറ്റ് റെക്കഗ്നീഷന് സാങ്കേതികവിദ്യയും ടോള് പിരിവിന് ഉപയോഗിക്കും.
ഉയര്ന്ന പ്രവര്ത്തനശേഷിയുള്ള ക്യാമറകള് ഉപയോഗിച്ചാണ് നമ്പര്പ്ലേറ്റ് റീഡിങ് നടക്കുന്നത്. ഇതിലൂടെ വാഹനങ്ങള് തിരിച്ചറിയാനും റേഡിയോ ഫ്രീക്വന്സി ഐഡന്റിഫിക്കേഷന്(RFID) ഉപയോഗിച്ച് ടോള് നിരക്കുകള് കണക്കാക്കാനും സാധിക്കും. പുതിയ സംവിധാനത്തിലൂടെ വാഹനങ്ങള് നിര്ത്താതെ തന്നെ ടോള് തുക ഈടാക്കാം.
ഏതെങ്കിലും വാഹനം ടോള് നിരക്ക് നല്കുന്നതില് പരാജയപ്പെട്ടാല് നിയമലംഘനം ചൂണ്ടിക്കാട്ടി ഇ-ചെലാന് നല്കും. പിഴത്തുക നല്കിയില്ലെങ്കില് ഫാസ്റ്റ്ടാഗ് റദ്ദാക്കല് ഉള്പ്പടെയുള്ള നടപടികളും നേരിടേണ്ടി വന്നേക്കാം.
തിരഞ്ഞെടുത്ത ടോള് പ്ലാസകളില് പുതിയ ടോളിങ് സംവിധാനം സ്ഥാപിക്കുന്നതിനായി NHAI ബിഡ്ഡുകള് ക്ഷണിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിന് ശേഷം ഇതിന്റെ പ്രവര്ത്തനം നിരീക്ഷിച്ച് രാജ്യത്ത് എല്ലായിടത്തും പുതിയ സംവിധാനം നടപ്പാക്കാനാണ് തീരുമാനം.
Content Highlights: ANPR-FASTag-based Barrier-Less Tolling System" will be rolled out at selected toll plazas across India