ശ്രദ്ധവേണം; ഗൂഗിൾ പ്ലേ സ്റ്റോറിൽ വ്യാജ ആൻ്റിവൈറസ് ആപ്പ് , ഇതുവരെ ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം ഒരു കോടി!

നിയമാനുസൃതമായ ആൻ്റിവൈറസ് പ്രവർത്തനങ്ങളെ അനുകരിക്കുക മാത്രമാണ് ഈ ആപ്പ് ചെയ്യുന്നതെന്നും, മറ്റൊരു തരത്തിലുള്ള സുരക്ഷയും ഈ ആപ്പ് ഒരുക്കുന്നില്ലെന്നും കണ്ടെത്തി.

ഗൂഗിൾ പ്ലേ സ്റ്റോറിൽ ഒരു കോടിയിലേറെ ആളുകൾ ഡൗൺലോഡ് ചെയ്യ്ത ആൻ്റിവൈറസ് ആൻഡ്രോയിഡ് ആപ്പ് വ്യാജമെന്ന് കണ്ടെത്തൽ. സൈബർ സുരക്ഷാ സ്ഥാപനമായ ക്വിക്ക് ഹീൽ ടെക്നോളജീസാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ 'ആൻ്റിവൈറസ് - വൈറസ് ക്ലീനർ' എന്ന വ്യാജ ആൻ്റിവൈറസ് ആപ്പ് കണ്ടെത്തിയത്. നിയമാനുസൃതമായ ആൻ്റിവൈറസ് പ്രവർത്തനങ്ങളെ അനുകരിക്കുക മാത്രമാണ് ഈ ആപ്പ് ചെയ്യുന്നതെന്നും, മറ്റൊരു തരത്തിലുള്ള സുരക്ഷയും ഇതൊരുക്കുന്നില്ലായെന്നും കണ്ടെത്തി. മാത്രമല്ല ഈ ആപ്പ് പരസ്യങ്ങൾ മാത്രമേ പ്രദർശിപ്പിക്കുകയുമുള്ളൂ.

യഥാർത്ഥ സുരക്ഷാ പ്രവർത്തന സേവനങ്ങൾ നൽകുന്നതിനു പകരം പരസ്യങ്ങൾ കാണിക്കുകയും ഡൗൺലോഡ് എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ആപ്പിൻ്റെ പ്രധാന ഉദ്ദേശം. സ്‌കാൻ ഡിവൈസ് പോലെയുള്ള ഫീച്ചറുകൾ കാട്ടി ഒരു യഥാർത്ഥ ആൻ്റിവൈറസ് ആപ്പായി അനുകരിക്കുക മാത്രമാണ് ഇത് ചെയ്യുന്നത്. ഇൻസ്റ്റാൾ ചെയ്യപ്പെടുന്ന സമയത്തുള്ള ഐക്കണല്ല ചെയ്തു കഴിയുമ്പോൾ കാണിക്കുന്നത്. കൂടാതെ ഓപ്പൺ ചെയ്യുമ്പോൾ സ്‌ക്രീനിൽ നിരവധി പരസ്യങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ആപ്ലിക്കേഷൻ ഫോണിലെ വിവിധ അനുമതികൾ അഭ്യർത്ഥിക്കുകയും ഉപയോക്താവിന് ഒരു വ്യാജ വൈറസ് കണ്ടെത്തൽ മുന്നറിയിപ്പ് കാണിക്കുകയും ചെയ്യും എന്നാൽ ഇത് പരിഹരിക്കാൻ ശ്രമിക്കുമ്പോൾ, കൂടുതൽ പരസ്യങ്ങളിലേക്ക് നയിക്കും. കൗതുകമെന്തെന്നാൽ മിക്കവാറും എല്ലാ ആപ്ലിക്കേഷനുകളും "അപകടകരമായ ആപ്ലിക്കേഷൻ" ആയാണ് ആപ്പ് കണ്ടെത്തുന്നത്, ഇത് നിയമാനുസൃതമായ ഒരു ആൻ്റിവൈറസ് ആപ്പായി തോന്നിപ്പിക്കുന്നതിനുള്ള ഒരു തന്ത്രമായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ഇത്തരം വ്യാജ മൊബൈൽ ആപ്പുകളിൽ നിന്ന് സുരക്ഷിതരാവാൻ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ചില ടിപ്പ്സ് ഉപയോ‍​ഗിക്കാം

  • വിവരണം പരിശോധിച്ചതിന് ശേഷം മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.
  • ആപ്പ് ഡെവലപ്പറുടെ പേരും വെബ്‌സൈറ്റും പരിശോധിക്കുക
  • അവലോകനങ്ങളും റേറ്റിംഗുകളും ശ്രദ്ധാപൂർവ്വം വായിക്കുക.
  • മൂന്നാം കക്ഷി ആപ്പ് സ്റ്റോറുകളിൽ നിന്ന് ഒരിക്കലും ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്
To advertise here,contact us