ഐഫോൺ SE 4‌ന് ഐഫോൺ 14മായി സാദൃശ്യം? പ്ലസ് മോഡലിനെക്കുറിച്ചും സൂചന; ലീക്കായ ചിത്രങ്ങൾ ഡീകോഡ് ചെയ്ത് സോഷ്യൽ മീഡിയ

ജാപ്പനീസ് ടെക് ബ്ലോഗായ മകോടകരയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്

ആപ്പിൾ പുറത്തിറക്കാനിരിക്കുന്ന ഐഫോൺ SE 4ൻ്റെ ഡമ്മി യൂണിറ്റുകളുടെ ലീക്കായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ഇതിന് പിന്നാലെ ആപ്പിളിൻ്റെ ബജറ്റ് ഐഫോണിൻ്റെ രൂപകൽപ്പനയെയും വലുപ്പത്തെയും കുറിച്ചുള്ള അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിക്കപ്പെടുകയാണ്. ജാപ്പനീസ് ടെക് ബ്ലോഗായ മകോടകരയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 14നോട് സാദൃശ്യമുള്ളതാണ് ഐഫോൺ SE 4‌ൻ്റെ ഡമ്മി യൂണിറ്റ് എന്ന നിലയിലാണ് പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളെ സോഷ്യൽ മീഡിയ ഡീകോഡ് ചെയ്യുന്നത്. ഐഫോൺ SE സീരിസിൻ്റെ പഴയ മോഡലിൽ നിന്നും വ്യത്യസ്തമായ ഡിസൈൻ ഐഫോൺ SE 4‌ന് ഉണ്ടെന്നാണ് വിശകലനങ്ങൾ സൂചിപ്പിക്കുന്നത്. ഫ്ലാറ്റായ അരികുകൾ, ഫേസ് ഐഡി സിസ്റ്റത്തിന് ഒരു ചെറിയ നോച്ച്, ഒരു പിൻകാമറ തുടങ്ങിയവയാണ് പുതിയ ഡിസൈൻ്റെ ഹൈലൈറ്റായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഡമ്മി യൂണിറ്റുകൾക്ക് നിലവിലെ iPhone SE- സീരിസിൻ്റെ (146.7mm x 71.5mm x 7.8mm) അതേ അളവുകൾ ഉണ്ടെന്നാണ് റിപ്പോ‍ർട്ട്. എന്നിരുന്നാലും, ഐഫോൺ 14 പ്ലസിന് (6.7 ഇഞ്ച് ഡിസ്‌പ്ലേ) സമാനമായ വലുപ്പമുള്ള ഡമ്മി യൂണിറ്റ് ഐഫോൺ SE 4 Plus മോഡലിനെക്കുറിച്ച് സൂചന നൽകുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്ലസ് സൈസ് മോഡലിനെക്കുറിച്ച് സ്ഥിരീകരണമില്ലെന്നും മക്കോടകര ചൂണ്ടിക്കാണിക്കുന്നു. ആപ്പിളിൻ്റെ ബജറ്റ് സൗഹൃദ ഐഫോണായി ഐഫോൺ SE 4ൻ്റെ വലുപ്പം സംബന്ധിച്ച ച‍ർച്ചകൾ വലിയ ഡിസ്പ്ലേ ഇഷ്ടപ്പെടുന്ന ആപ്പിൾ ആരാധകരുടെ ആകാംക്ഷ ഉണ‍ർത്തിയിട്ടുണ്ടെന്നാണ് റിപ്പോ‍ർട്ട്.‌

നിലവിൽ ചേ‍ാർന്ന ഡമ്മി യൂണിറ്റുകളെ അടിസ്ഥാനപ്പെടുത്തിയുള്ള അഭ്യൂഹങ്ങളാണ് പ്രചരിക്കപ്പെടുന്നത്. എന്നാൽ ആപ്പിൾ ഈ റിപ്പോ‍ർട്ടുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഐഫോൺ 14-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഐഫോൺ SE 4ൻ്റെ രൂപകൽപ്പന എന്ന് തന്നെയാണ് സോഷ്യൽ മീഡിയ പറയുന്നത്. എന്നാൽ ഒരു പ്ലസ് സൈസ് മോഡൽ ഉണ്ടാകുമോ എന്ന ആകാംക്ഷയിൽ ഇതുവരെ സ്ഥിരീകരണമില്ല. വരാനിരിക്കുന്ന ഉൽപ്പന്നങ്ങളെക്കുറിച്ച് ആപ്പിൾ സാധാരണയായി കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ഐഫോൺ SE 4നെക്കുറിച്ച് ആപ്പിൾ ഇതുവരെ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. അതിനാൽ തന്നെ ഐഫോൺ SE 4നെക്കുറിച്ച് ടെക്ക്ലോകത്തും സോഷ്യൽ മീഡിയയിലും അഭ്യൂഹങ്ങൾ വ്യാപകമാണ്.

Content Highlights: Leaked iPhone SE 4 images hint at iPhone 14-like design

To advertise here,contact us