'പോനാൽ പോകട്ടും പോടെയെന്ന്' ആൻഡ്രോയിഡിനോട് വാവെയ്; ഇനി എല്ലാം ഒറ്റയ്ക്ക്, പുതിയ ഒ എസ് അവതരിപ്പിച്ചു

തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് വേണ്ടി മാത്രമായി 15000ത്തോളം ആപ്ലിക്കേഷനുകളും മെറ്റ സർവീസുകളും വാവെയ് ലോഞ്ച് ചെയ്തിട്ടുണ്ട്

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റവുമായുള്ള വർഷങ്ങളായുളള ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് സ്മാർട്ഫോൺ നിർമാണ കമ്പനിയായ വാവെയ്. കമ്പനി സ്വന്തമായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചതോടെയാണ് ആൻഡ്രോയ്ഡുമായി വഴിപിരിയാൻ തീരുമാനിച്ചത്.

ഹാർമണി OS നെക്സ്റ്റ് എന്നാണ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് വാവെയ് നൽകിയിരിക്കുന്ന പേര്. ഒ എസിൻ്റെ പബ്ലിക് ടെസ്റ്റിംഗ് ആരംഭിച്ചെന്നും കമ്പനിയുടെ ചില ഫോണുകളിലും ടാബ്ലെറ്റുകളിലും നിലവിൽ ടെസ്റ്റിംഗ് നടക്കുകയാണെന്നും വാവെയ് കമ്പനി അധികൃതർ പറഞ്ഞു. ഹാർമണി OS നെക്സ്റ്റ് ആൻഡ്രോയിഡ് ആപ്പുകളെ സപ്പോർട്ട് ചെയ്യുന്ന ഒഎസ് അല്ല. അതുകൊണ്ടുതന്നെ ആൻഡ്രോയിഡ് ആപ്പുകൾ ഇനിയുള്ള വാവെയ് ഫോണുകളിൽ ലഭ്യമാകുകയുമില്ല.

തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് വേണ്ടി മാത്രമായി 15000ത്തോളം ആപ്ലിക്കേഷനുകളും മെറ്റ സർവീസുകളും വാവെയ് ലോഞ്ച് ചെയ്തിട്ടുണ്ട്. എങ്കിലും പ്ലേ സ്റ്റോറിലും മറ്റും ലഭിക്കുന്ന ആപ്ലിക്കേഷനുകളുടെ എണ്ണം വെച്ച നോക്കുമ്പോൾ ഇവ വളരെ കുറവാണ്. ഹാർമണി OS നെക്സ്റ്റിന് 110 മില്യൺ ലൈൻസ് ഓഫ് കോഡ് ഉണ്ടെന്നും ഇത് മൊബൈലുകളുടെ പ്രവർത്തനത്തെ മുപ്പത് ശതമാനത്തോളം കൂടുതൽ മെച്ചപ്പെടുത്തുമെന്നും വാവെയ് അവകാശപ്പെടുന്നു. ഇത് കൂടാതെ ഡിവൈസിന്റ ബാറ്ററി ലൈഫും ഒരു മണിക്കൂറോളം വർധിപ്പിക്കുമെന്നും കമ്പനി പറയുന്നു.

എന്നാൽ ചൈനയ്ക്ക് പുറത്തേക്ക് ഹാർമണി നെക്സ്റ്റ് ഇപ്പോൾ വേണ്ട എന്ന നിലപാടാണ് വാവെയ്ക്ക് ഇപ്പോളുള്ളത്. എന്നാൽ നിരവധി അന്താരാഷ്ട്ര കമ്പനികളെ ആപ്ലിക്കേഷൻ നിർമിക്കാൻ ഏൽപ്പിച്ചതുവഴി അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു സാന്നിധ്യം അറിയിക്കാൻ വാവെയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ചൈനയുടെ ടെക്‌നോളജി മേഖലയിൽ വലിയ മുന്നേറ്റമായി കണക്കാക്കാവുന്ന ഈ അപ്‌ഗ്രേഡിനെ വാവെയ് അഭിമാനത്തോടെയാണ് ഉയർത്തിക്കാട്ടുന്നത്. യുഎസിന്റെ ഉപരോധം മൂലം ആൻഡ്രോയിഡ് ഓപ്പൺ സോഴ്സ് പ്രോജെക്ടിനെ മാത്രം ആശ്രയിച്ചിരുന്ന വാവെയ്ക്ക് ഇത് വലിയ നേട്ടവുമാണ്.

ഫോണുകളിലും ടാബുകളിലും മാത്രമല്ല, പിസികളിലും തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം കൊണ്ടുവരാൻ വാവെയ്ക്ക് പദ്ധതിയുണ്ട്. വരുംകാലങ്ങളിൽ തങ്ങളുടെ സിസ്റ്റങ്ങളിൽ വിൻഡോസ് ഉണ്ടാകില്ലെന്ന് കഴിഞ്ഞ മാസം ചേർന്ന യോഗത്തിൽ കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു.

Content Highlights: huawei drops android as its OS and makes its own

To advertise here,contact us