ഐഫോണിന് മുന്നിൽ മുട്ടുകുത്തി ഇറാൻ; വിലക്കിയിട്ടും വൻ ഡിമാൻഡ്, ഒടുവിൽ നിരോധനം നീക്കി

രാജ്യത്ത് കഴിഞ്ഞ ഒന്നര വർഷമായി ഐഫോണിനുണ്ടായിരുന്ന വിലക്ക് പിൻവലിച്ച് ഇറാൻ

രാജ്യത്ത് കഴിഞ്ഞ ഒന്നര വർഷമായി ഐഫോണിനുണ്ടായിരുന്ന വിലക്ക് പിൻവലിച്ച് ഇറാൻ. വിലക്ക് ഏർപ്പെടുത്തിയിട്ടും ഐഫോൺ വിപണിയിൽ മാറ്റമില്ലാതെയിരുന്നതും രജിസ്‌ട്രേഷൻ പ്രതിസന്ധി തീർന്നതുമാണ് വിലക്ക് നീക്കാൻ കാരണം.

2023ലാണ് ഇറാൻ ഐഫോണിന് രാജ്യത്ത് വിലക്കേർപ്പെടുത്തുന്നത്. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കെ, വിദേശനാണ്യ ശേഖരത്തിൽ കുറവ് വരാതിരിക്കാനാണ് ഇറാൻ ഐഫോണിന്റെ ഇറക്കുമതി വിലക്കിയത്. ഇതോടെ ഐഫോൺ 14,15,16 മോഡലുകൾ രാജ്യത്തെ വിപണിയിൽ എത്തിയിരുന്നില്ല.

വിലക്ക് പിൻവലിച്ചെന്നും, ഐഫോൺ രജിസ്‌ട്രേഷൻ സംബന്ധിച്ചുള്ള എല്ലാ പ്രശ്നങ്ങളും അവസാനിച്ചെന്നും ഇറാൻ ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രി സത്താർ ഹാഷെമി ആണ് അറിയിച്ചത്. പ്രസിഡന്റിന്റെ അനുമതിയോടെയാണ് ഈ തീരുമാനമെന്നും, ഐഫോൺ ഇറക്കുമതിയുടെ കൂടുതൽ വിവരങ്ങൾ വഴിയേ അറിയിക്കാമെന്നും മന്ത്രി അറിയിച്ചു.

Also Read:

Opinion
ഇന്ദിരയുടെ കാലം; രാഷ്ട്രീയ ഇന്ത്യയുടെ കാലം

ഐഫോൺ നിരോധനം വലിയ തിരിച്ചടിയാണ് ഇറാന് ഉണ്ടാക്കിയത്. ഐഫോൺ ഒരു 'സ്റ്റാറ്റസ് സിംബൽ' ആയിരുന്ന ഇറാനിൽ, വിലക്കിനെ മറികടന്നും കരിംചന്തയിൽ ഐഫോൺ എത്താൻ തുടങ്ങി. നിരവധി ആളുകൾ വാങ്ങാന്‍ തുടങ്ങുകയും ചെയ്തു. പുതിയ മോഡലുകൾ എത്തിയില്ലെങ്കിലും പഴയ മോഡലുകളുടെ വില്പന തകൃതിയായി തുടർന്നുകൊണ്ടേയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് നിരോധനം നീക്കിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇറാൻ പരമോന്നത നേതാവ് അലി ഖമേനിയുടെ കർശന വിയോജിപ്പുകൾക്കിടയിലൂടെയാണ് ഇറാൻ ഇത്രയും കാലം ഐഫോൺ ഇറക്കുമതി ചെയ്തുകൊണ്ടിരുന്നത്. ഐഫോൺ വെറും ആഡംബരമാണെന്നും അവ ആവശ്യമേയില്ലെന്നുമുള്ള അഭിപ്രായമാണ് ഖമേനിയുടേത്. എന്നാൽ രാജ്യത്തെ ജനങ്ങളുടെ അഭിലാഷം നേരെ തിരിച്ചും. അതുകൊണ്ടുതന്നെയാണ് നിരോധന കാലയളവിലും ഐഫോൺ വിപണി സജീവമായിത്തന്നെ നിലനിന്നത്.

Content Highlights: Iran lifts ban on iphone

To advertise here,contact us