ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റർനെറ്റ്; ജിയോയ്ക്കും എയർടെലിനും വെല്ലുവിളിയായി ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക്

നേരത്തെ ആഫ്രിക്കയിൽ കുറഞ്ഞ തുകയ്ക്ക് ഇന്റർനെറ്റ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകി പ്രാദേശിക സേവനദാതാക്കൾക്ക് സ്റ്റാർലിങ്ക് വെല്ലുവിളിയായിരുന്നു

സാറ്റലൈറ്റ് ബ്രോഡ്ബാൻഡിന് ഇന്ത്യയുടെ സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ടെലികോം റെഗുലേറ്റർ ട്രായിയെ സമീപിച്ച് റിലയൻസ് കമ്മ്യൂണിക്കേഷൻസ്. ആഗോള ട്രെൻഡുകൾക്ക് അനുസൃതമായി സർക്കാർ സാറ്റലൈറ്റ് സ്‌പെക്ട്രം അനുവദിക്കുമെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് റിലയൻസ് പോളിസി എക്സിക്യൂട്ടീവായ രവി ഗാന്ധി വെള്ളിയാഴ്ച ട്രായിയോട് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്.

സാറ്റലൈറ്റ് ബ്രോഡ്ബാൻഡിന് വേണ്ടി ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് സജീവമായി രംഗത്തുണ്ട്. നേരത്തെ ആഫ്രിക്കയിൽ കുറഞ്ഞ തുകയ്ക്ക് ഇന്റർനെറ്റ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകി പ്രാദേശിക സേവനദാതാക്കൾക്ക് സ്റ്റാർലിങ്ക് വെല്ലുവിളിയായിരുന്നു. ഇതേ രീതിയിൽ ഇന്ത്യൻ വിപണിയും പിടിക്കാനാണ് മസ്‌കിന്റെ തീരുമാനം.

ഇലോൺ മസ്‌ക് കൂടി ഇന്ത്യയിൽ എത്തിയാൽ നിലവിലെ തങ്ങളുടെ ഉപഭോക്താക്കൾ നഷ്ടമായേക്കുമെന്ന് ജിയോയും എയർടെലും ഭയപ്പെടുന്നുണ്ട്. ഇതിനിടെയാണ് സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് ലേലം ചെയ്യുന്നതിനു പകരം സ്‌പെക്ട്രം അനുവദിക്കാനായി സർക്കാർ നീക്കം നടത്തുന്നത്. സാറ്റലൈറ്റ് സേവനങ്ങൾക്കായുള്ള സ്‌പെക്ട്രം ലേലത്തെ നിരുത്സാഹപ്പെടുത്തുന്ന ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻസ് യൂണിയൻ (ITU) മാനദണ്ഡങ്ങളോടുള്ള അനുകൂല നിലപാടാണിത്.

Also Read:

Tech
ഗെയിം ഭ്രാന്തന്മാരെ, തളരരുത്…; പിഎസ് 5 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്യില്ല, വെല്ലുവിളിയായത് വൈഫൈ

എന്നാൽ ലേലം ഇല്ലാതാവുന്നതോടെ തങ്ങളുടെ സാധ്യത മങ്ങുന്നതായി ജിയോയും എയർടെലും വിലയിരുത്തുന്നുണ്ട്. 4 മില്യൺ ഉപഭോക്താക്കൾക്ക് ലോ-ലേറ്റൻസി ബ്രോഡ്ബാൻഡ് നൽകുന്നതിനായി സ്പേസ് എക്സിന്റെ യൂണിറ്റായ മസ്‌ക്കിന്റെ സ്റ്റാർലിങ്കിന്റെ 6,400 സജീവ ഉപഗ്രഹങ്ങൾ നിലവിൽ സജീവമാണ്. കുറഞ്ഞ ചെലവിൽ സ്റ്റാർലിങ്ക് നേരിട്ട് വിപണിയിലേക്ക് എത്തുമ്പോൾ ജിയോ പോലുള്ള സേവന ദാതാക്കൾക്കും തങ്ങളുടെ നിരക്ക് കുറയ്‌ക്കേണ്ടി വരും. ഇത് വലിയ നഷ്ടമാണ് കമ്പനികൾക്ക് ഉണ്ടാക്കുക.

സ്റ്റാർലിങ്കിനെ സംബന്ധിച്ചിടത്തോളം, ഇന്റർനെറ്റ് കണക്റ്റിവിറ്റിക്ക് ഉയർന്ന ഡിമാൻഡുള്ള ഇന്ത്യ വലിയ വിപണിയാണ്. ലേലത്തെ അടിസ്ഥാനമാക്കിയുള്ള വിലനിർണ്ണയത്തിനുപകരം സർക്കാർ നിശ്ചയിക്കുന്ന വിലനിർണ്ണയം, സ്റ്റാർലിങ്കിന്റെ എൻട്രി ചെലവ് കുറയ്ക്കും, ഇത് സ്റ്റാർലിങ്ക് സേവനങ്ങൾ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ലഭിക്കാൻ കാരണമാകും.

Content Highlights: Satellite Internet in India, Musk's Starlink as a challenge to Jio and Airtel

To advertise here,contact us